സൈന്യത്തില്‍ ജോലി വാഗ്ദാനം: വാങ്ങിയത് കൈക്കൂലി അല്ല സംഭാവന ;ഹിന്ദു ഐക്യവേദി

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ന്യായീകരണവുമായി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ്.

പരാതിക്കാരനായ അശ്വന്തിന്റെ കൈവശം നിന്നും പണം വാങ്ങിയത് കൈക്കൂലിയായല്ല സംഭാവന എന്ന നിലക്കാണെന്നാണ് രാജേഷ് പറയുന്നത്.

മാത്രമല്ല, പരാതിക്കാരന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കാണ് പണം നല്‍കിയതെന്നും അത്, എംപി രാജന്‍ മുഖേനയാണ് കൊടുത്തതെന്നും രാജേഷ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബിജെപി മേഖലാ സെക്രട്ടറി എംപി രാജന്‍ വഴിയാണ് സൈന്യത്തില്‍ ജോലി ലഭിക്കാനായി പണം നല്‍കിയതെന്നായിരുന്നു കൈവേലി സ്വദേശി അശ്വന്തിന്റെ പരാതി.

അശ്വന്ത് റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലേക്ക് എത്തിയത് രാജന്‍ മുഖേന തന്നെയാണെന്നാണ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷിന്റെ സ്ഥിരീകരണം. എന്നാല്‍ പണം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കായിട്ടാണ് കൈപറ്റിയതെന്നും രാജേഷ് വിശദീകരിച്ചു.

സൈന്യത്തില്‍ ജോലി തേടി തന്നെയാണ് ബിജെപി നേതാവ് രാജനെ അശ്വന്തിന്റെ കുടുംബം സമീപിച്ചതെന്ന് വിശദീകരിക്കുന്ന രാജേഷിന്റെ ഓഡിയോ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ അശ്വന്തിന് കഴിവില്ലാത്തത് കൊണ്ടാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് മടങ്ങി പോകേണ്ടി വന്നതെന്നും പറയുന്നു.

ബി ജെ പി നേതാവ് എം പി രാജന്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തെന്നാണ് അശ്വന്തിന്റെയും കുടുംബത്തിന്റെയും പരാതി.രണ്ട് ഘട്ടമായാണ് ഇയാള്‍ പണം കൈപറ്റിയതെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ തന്നെ ഇടപെട്ട് നഷ്ടപരിഹാരമടക്കം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി.

ഇതും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയത്.

Top