അറിവിന്റെ ലോകം തുറന്നുകൊടുത്ത മലയാളം വിക്കിപീഡിയയ്ക്കിന്ന് 15 വയസ്സ്‌

വിവരസാങ്കേതിക വിദ്യ മലയാളികള്‍ക്ക് നല്‍കിയ അറിവിന്റെ ലോകത്തിന് ഇന്ന് 15 വയസ്സ്.

ഏവരും കൂടുതല്‍ തിരയുകയും വായിക്കുകയും ചെയ്യുന്ന മലയാളം വിക്കിപീഡിയ മലയാളികള്‍ക്ക് പരിചിതമായിട്ട് 15 വര്‍ഷം ആയിരിക്കുന്നു.

2002 ഡിസംബര്‍ 21നാണ് സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ജന്മമെടുക്കുന്നത്.

അമേരിക്കന്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പിയാണ് http://ml.wikipedia.org/ എന്ന യു.ആര്‍.എല്‍ വിക്കിപീഡിയയുടെ മലയാളം പതിപ്പ് അവതരിപ്പിക്കാനും അത് സജീവമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതിനു മുമ്പെ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നെങ്കിലും 2002 ഡിസംബറിലാണ് ഔദ്യോഗികമായി നിലവില്‍ വരുന്നത്.

അതുകൊണ്ടുതന്നെ ഡിസംബര്‍ 21 മലയാളം വിക്കിപീഡിയയുടെ ജന്മദിനമായി കണക്കാക്കുന്നു.

ഇന്ന് മലയാളം വിക്കിപീഡിയയിലേക്ക് ലേഖനങ്ങള്‍ നല്‍കുന്ന ഒരു വിക്കി സമൂഹം തന്നെയുണ്ട്.

എഡിറ്റ് ചെയ്യുവാനും ആര്‍ക്കുവേണമെങ്കിലും അനുമതിയില്ലാതെ പുതിയ ലേഖനങ്ങള്‍ അവതരിപ്പിക്കാനും സാധിക്കും.

തെറ്റായ വിവരങ്ങളുടേയും കാര്യപ്രാപ്തിയില്ലാത്ത ഒറ്റവരിലേഖനങ്ങളുടേയും എണ്ണം നിരവധിയാണ്.

എന്നാല്‍ അവയൊക്കെ കൃത്യമായി നീക്കം ചെയ്യാനായി 317 ആളുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി സജീവമാണ്.

ഇന്ന് അമ്പതിനായിരത്തിലധികം ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍ തുടങ്ങിയ സഹോദര സംരംഭങ്ങളും ഇന്ന് മലയാളം വിക്കിപീഡിയയ്ക്ക് കീഴിലുണ്ട്.

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനാണ് മലയാളം വിക്കിപീഡിയയുടെയും ഉടമസ്ഥര്‍.

2001ല്‍ വിക്കിപീഡിയയ്ക്ക് തുടക്കംകുറിച്ച ജിമ്മി വെയ്ല്‍സും സംഘവുമാണ് 2003ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ രൂപീകരിച്ചത്.

ഇന്ന്‌ വിവിധയിടങ്ങളില്‍ മലയാളം വിക്കിപീഡിയയുടെ ജന്മദിനാഘോഷം നടക്കുന്നുണ്ട്.

Top