ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങളെ തുടര്‍ന്ന് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചുവെങ്കിലും വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 18,450 കടന്നപ്പോള്‍ സെന്‍സെക്‌സ് 61,873 തൊട്ട് ശേഷം 61,800 ലേക്ക് താഴ്ന്നു. സെന്‍സെക്‌സ് 118.33 പോയന്റ് ഉയര്‍ന്ന് 61,834.38 ലും നിഫ്റ്റി 22.50 പോയന്റ് വര്‍ധിച്ച് 18,441.30 ലുമാണ് വ്യാപാരം തുടങ്ങിയത്. വൈകാതെ സെന്‍സെക്‌സ് 189.94 പോയന്റ് താഴ്ന്ന് 61,526.11 ലും നിഫ്റ്റി 72.40 പോയന്റ് ഇടിഞ്ഞു 18,346.40 ലുമെത്തി.

നെസ് ലെ ഇന്ത്യ (1.21%), ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ (0.56%), ഭാരതി എയര്‍ടെല്‍ (0.32%), എച്ച്ഡിഎഫ്‌സി (0.29%), റിലയന്‍സ്(0.24%), കൊട്ടക് ബാങ്ക്(0.20%) എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി എന്നിവ നഷ്ടത്തിലുമാണ്.

ഐആര്‍സിടിസി 10ശതമാനം താഴ്ന്ന് 4,830 നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസമാണ് ഐആര്‍സിടിസിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി പിന്നിട്ടത്. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ഓഹരിയും 10ശതമാനം നഷ്ടം നേരിട്ടു.

സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. ലോഹ സൂചിക 2 ശതമാനം ഇടിഞ്ഞു. പവര്‍, റിയല്‍റ്റി എന്നിവ യഥാക്രമം 1 ശതമാനം വീതം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.

 

Top