ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഐസിഐ ബാങ്കും സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിച്ചില്ല. സെന്‍സെക്‌സ് 207.75 പോയന്റ് ഉയര്‍ന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തില്‍18,147.10 ലുമാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടക്കത്തില്‍ ഒരുശതമാനത്തോളം ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. ഐസിഐസിഐ ബാങ്ക് ഓഹരിയാകട്ടെ എട്ടുശതമാനത്തിലേറെ ഉയരുകയും ചെയ്തു.

ആക്‌സിസ്ബാങ്ക് (1.19%), ബജാജ് ഫിന്‍സര്‍വ് (0.72%), എല്‍ആന്‍ഡ്ടി (0.42%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.37%), ബജാജ് ഫിനാന്‍സ് (0.30%), ഭാരതി എയര്‍ടെല്‍ (0.27%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി, ടാറ്റാസ്റ്റീല്‍, ബജാജ് ഓട്ടോ, ടിസിഎസ്, പവര്‍ഗ്രിഡ്, മാരുതി, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, എച്ച്‌സിഎല്‍ ടെക്, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

എഫ്എംസിജി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ സമ്മര്‍ദത്തിലാണ്. പ്രതീക്ഷിച്ചതുപോലെ ബാങ്ക് സൂചികയില്‍ നേട്ടം തുടര്‍ന്നു. സൂചിക എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 41,024ലെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.65 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top