എം.കോം കഴിഞ്ഞവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധമെന്നത് പുനഃപരിശോധിക്കണം; ഉന്നതവിദ്യാഭ്യാസവകുപ്പ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബി.ബി.എ. കോഴ്‌സിൽ എം.കോം. യോഗ്യതയുള്ളവർ പഠിപ്പിക്കുന്നത് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമെന്ന നിയമം പുനഃപരിശോധിക്കണമെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്. മേയ് 22-ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ഈ നിർദേശമുള്ളത്.

എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും സർവകലാശാല നടപടി സ്വീകരിച്ചിട്ടില്ല. നിലവിലുള്ളവർ അതുപോലെ തുടരുമെന്നും ഇനിവരുന്ന നിയമനങ്ങൾ ഉത്തരവുപ്രകാരം മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു.

അധ്യാപനം നടത്തുന്നത് നിശ്ചിത വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണമെന്നാണ് യു.ജി.സി. വ്യവസ്ഥ. അതേസമയം, 2013-ലെ 60:40 റൂൾ പ്രകാരമാണ് കാലിക്കറ്റിൽ എയ്ഡഡ് ബി.ബി.എ. കോഴ്‌സിൽ അധ്യാപകരെ നിയമിക്കുന്നത്.

60 ശതമാനം എം.കോം. യോഗ്യതയുള്ളവരും 40 ശതമാനംപേർ എം.ബി.എ. യോഗ്യതയുള്ളവരും. കൊമേഴ്‌സും എം.ബി.എ.യും ഒന്നല്ലെന്നിരിക്കെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലെ ഈ അനുപാതം പുനഃപരിശോധിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചത്.

എന്നാൽ, ഇപ്പോഴും ഭൂരിഭാഗം സ്ഥലങ്ങളിലും എം.കോം. ഉള്ളവർതന്നെയാണ് പഠിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസരംഗത്തുള്ളവർ പറയുന്നു. കൊമേഴ്‌സും മാനേജ്‌മെന്റും വ്യത്യസ്ത വിഷയങ്ങളായതിനാൽ രണ്ടുവിഭാഗങ്ങളായിട്ടുതന്നെ നിലനിർത്തണമെന്നും അതത് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ള അധ്യാപകരെമാത്രമേ പഠിപ്പിക്കാൻ അനുവദിക്കാവൂവെന്നുമാണ് വിദ്യാഭ്യാസവിദഗ്ധരുടെ അഭിപ്രായം.

ബി.ബി.എ. സിലബസ് പരിഷ്കരണം നടത്തുന്നതുപോലും എം.കോം. യോഗ്യതയുള്ളവരാണ്. ബി.ബി.എ.യുടെ സിലബസ് മാറ്റണമെന്നും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത് എം.ബി.എ.ക്കാരായിരിക്കണമെന്നും കേരള അൺഎയ്ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യു ആവശ്യപ്പെട്ടു.

Top