ഐ.ടി. ചട്ടങ്ങളില്‍ മനുഷ്യാവകാശ ലംഘനമില്ല; യു.എന്നിന് കേന്ദ്രത്തിന്റെ മറുപടി

twitter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കേന്ദ്രം നടപ്പാക്കിയ പുതിയ ഐ.ടി. ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യ മറുപടി നല്‍കി. സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും യു.എന്നിലെ ഇന്ത്യന്‍ കാര്യാലയം വ്യക്തമാക്കി.

യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ ഈ ചട്ടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യര്‍ത്ഥിച്ച് യു.എന്‍ പ്രത്യേക സമിതി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകള്‍ക്ക് പരാതി നല്‍കാന്‍ ഒരിടം വേണം. പൊതുജനങ്ങളുമായും വിവിധ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തിയാണ് ഐ.ടി. ചട്ടങ്ങള്‍ തയ്യാറാക്കിയത്. അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്ക തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകം അംഗീകരിച്ചതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയില്‍ കേന്ദ്രം പറയുന്നു. പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങള്‍ തയ്യാറാക്കിയതെന്നും കേന്ദ്രം പറഞ്ഞു.

Top