വി ഡി സതീശന്‍ ഇന്‍ഡ്യ ബ്ലോക്കിന്റെ നേതാവാണെന്ന് ഓര്‍ക്കണം; വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്. സിഎംആര്‍എല്‍ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടതിലാണ് തോമസ് ഐസകിന്റെ വിമര്‍ശനം. വി ഡി സതീശന്‍ ഇന്‍ഡ്യ ബ്ലോക്കിന്റെ നേതാവാണെന്ന് ഓര്‍ക്കണം. ഇഡിയെ ഇന്‍ഡ്യ ബ്ലോക്ക് നേതാക്കള്‍ക്കെതിരെയുളള രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിജെപിയുടെ ആ രാഷ്ട്രീയ ലക്ഷ്യത്തിന് പ്രതിപക്ഷ നേതാവടക്കം താളം പിടിക്കുന്നുവെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

സിഎംആര്‍എല്ലുമായുളള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിലവാരം കുറഞ്ഞതും യുക്തി രഹിതവുമാണ്. അക്കൗണ്ടിലൂടെ കൈമാറി ജിഎസ്ടി അടച്ച പണം കള്ളപ്പണം ആവുന്നത് എങ്ങനെയെന്നും തോമസ് ഐസക് ചോദിച്ചു. രജിസ്‌ട്രേഷന് മുന്‍പുള്ള പണമിടപാടിന് ജിഎസ്ടി അടയ്ക്കാനാകുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും ഐസക്ക് മറുപടി നല്‍കി. ജിഎസ്ടി നിയമത്തില്‍ അതിന് വ്യവസ്ഥയുണ്ട്. ജിഎസ്ടി നിയമത്തിലെ 40-ാം വകുപ്പ് കുഴല്‍നാടന്‍ വായിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

മാസപ്പടി വിവാദത്തില്‍ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. വീണയുടെ കമ്പനി സര്‍വീസ് നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ കമ്പനി തന്നെ പറഞ്ഞിട്ടുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഇടപാടുകള്‍ നടന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ രണ്ട് കമ്പനിയും തമ്മില്‍ ചേര്‍ച്ചയില്ല വീണയുടെ കമ്പനി ജിഎസ്ടി അടച്ചോയെന്നത് മാസപ്പടി ആരോപണത്തെ ബാധിക്കുന്നതല്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Top