കോണ്‍ഗ്രസ് വീണുപോയി എന്നത് സത്യം, എന്നാല്‍ കളത്തിന് പുറത്തായിട്ടില്ലെന്ന് ശശി തരൂര്‍ എം പി

കൊച്ചി: ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് 2024 ലെ തിരഞ്ഞെടുപ്പ് എന്ന നിശ്ചയദാര്‍ഢ്യത്തോടെ വേണം ബിജെപിയെ നേരിടാന്‍ എന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പത്ത് വര്‍ഷത്തെ ബിജെപി ഭരണം സര്‍വ്വ മേഖലകളിലും ഇന്ത്യക്ക് വരുത്തി വെച്ച നാശനഷ്ടം വലുതാണ്. നാണ്യപ്പെരുപ്പവും ചരിത്രത്തില്‍ ഇല്ലാത്തത്ര രൂക്ഷമായ തൊഴിലില്ലായ്മയും മൂലം സാമ്പത്തിക രംഗം ആടിയുലഞ്ഞു എന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപിക്കുള്ള ബലാബലം അവരുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റാണെന്നും തരൂര്‍ പറഞ്ഞു. പണം, പ്രചാരണം, പബ്ലിക് റിലേഷന്‍സ് പിന്തുണയെല്ലാം തിരഞ്ഞെടുപ്പ് ദിവസം വോട്ടാക്കാനുള്ള സംഘടനാ സംവിധാനവും അവര്‍ക്കുണ്ടെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. 2004 ലെ തിരഞ്ഞെടുപ്പില്‍ വാജ്പേയ് സര്‍ക്കാരിന് നേരിടേണ്ടി വന്നത് തൊഴിലില്ലായ്മ മാത്രമാണ്. എന്നിട്ടും അന്ന് ബിജെപി തോറ്റു. അതിനാല്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. കോണ്‍ഗ്രസ് വീണുപോയി എന്നത് സത്യം. എന്നാല്‍ കളത്തിന് പുറത്തായിട്ടില്ലെന്നും ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന സ്വപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരിക്കലും മോദിയെ അനുവദിക്കില്ലെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ ഇല്ല. കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു എന്നതും എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നതും ഇന്ത്യയുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്രയേറെ അത്യാവശ്യമാണ്. ബിജെപിക്കെതിരെ നില്‍ക്കാന്‍ രാജ്യത്താകമാനം സജീവസാന്നിധ്യമുള്ള മറ്റൊരു കക്ഷിയില്ല. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം വെറും 5 ശതമാനം വര്‍ധിച്ചാല്‍ ലോക്സഭയില്‍ 60-70 സീറ്റുകളാണ് അധികമായി കിട്ടുകയെന്നും തരൂര്‍ പറഞ്ഞു.

Top