ഫൂലൻ ദേവിയെ കൊള്ളക്കാരിയാക്കി മാറ്റിയതും ഈ ‘സമൂഹം’തന്നെയാണ് !

ഹീറോ പരിവേഷം ലഭിച്ച രാജ്യത്തെ ഏക കൊള്ളക്കാരിയാണ് ഫൂലന്‍ ദേവി. അനവധി സിനിമകളാണ് ഈ കൊള്ളക്കാരിയുടെ ജീവിതത്തെ ആസ്പദമാക്കി പിറവികൊണ്ടിട്ടുള്ളത്. ഫൂലന്‍ദേവി കൊല ചെയ്യപ്പെട്ട് പത്തൊമ്പത് വര്‍ഷം പിന്നിട്ടെങ്കിലും ഈ പേര് ഇപ്പോഴും ഇടിമിന്നല്‍ തന്നെയാണ്. തന്റെ ജീവിതത്തില്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ക്കുള്ള പ്രതികാരമാണ് ഫൂലന്‍ ദേവിയെ തോക്കേന്താന്‍ പ്രേരിപ്പിച്ചിരുന്നത്. അതിന് അവള്‍ ആശ്രയിച്ചതാകട്ടെ ചമ്പല്‍ കൊള്ളക്കാരെയുമായിരുന്നു. താനുള്‍പ്പടെയുള്ളവരെ പീഢിപ്പിച്ചവര്‍ക്ക് തക്കതായ തിരിച്ചടി കിട്ടും എന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ആ തോക്കില്‍ നിന്നും പ്രവഹിച്ച തീ നാളങ്ങള്‍.

1981 ഫെബ്രുവരി 14, രാജ്യത്തെ സംബന്ധിച്ച് ഞെട്ടിച്ച ദിവസമാണ്. കാണ്‍പൂരിനടുത്തുള്ള ബെഹ് മെയി എന്ന ഗ്രാമം അന്നാണ് ഫൂലന്‍ ദേവിയുടെ നേതൃത്വത്തിലുള്ള ചമ്പല്‍ കൊള്ളക്കാര്‍ വളഞ്ഞിരുന്നത്. അവര്‍ ഒറ്റ രാത്രി കൊണ്ട് ചുട്ടു തള്ളിയത് 21 രാജ് പൂത് ഠാക്കൂര്‍മാരെയാണ്. ഫൂലന്‍ ദേവിയോട് അതിക്രമം കാട്ടിയവര്‍ സ്ഥലത്തില്ലാതിരുന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ഇതിലുള്ള ദേഷ്യമാണ് അവരുടെ സമുദായത്തില്‍പ്പെട്ട 21 പേരോട് അന്ന് ഫൂലന്‍ ദേവിയും സംഘവും തീര്‍ത്തത്. ഈ പ്രതികാര നടപടിയില്‍ പരിക്കേറ്റവരും അനവധിയാണ്.

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍പ്പെട്ട ഫൂലന്‍ ദേവിയുടെ പുതിയ അവതാരത്തെ കണ്ട് കണ്ണു മിഴിച്ച് പോയത് ഠാക്കൂര്‍ വിഭാഗം മാത്രമല്ല രാജ്യമാകെയാണ്. കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളെ സംബന്ധിച്ചും ഇത് പുതിയ ഒരു അനുഭവമായിരുന്നു. നാട്ടുകാര്‍ക്ക് മാത്രമല്ല പൊലീസുകാര്‍ക്കും പേടി സ്വപ്നമായി ഫൂലന്‍ മാറാന്‍ പിന്നെ അധിക സമയം വേണ്ടി വന്നിട്ടില്ല. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള അവരുടെ കഴിവ് ഏറെ പ്രസിദ്ധമാണ്. കാഠിന്യമായ ഹൃദയത്തിനുടമയാണ് ഈ കൊള്ളക്കാരിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയിരുക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഠാക്കൂര്‍ വിഭാഗത്തേക്കാള്‍ ഫൂലന്‍ ദേവിയെ ഭയപ്പെട്ട വിഭാഗം പൊലീസാണ്.

പതിനൊന്നുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ആയിരുന്നു ഫൂലന്റെ വിവാഹം. മധ്യവയസ്‌ക്കനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിന്റെ അന്ന് രാത്രിതന്നെ ആ പാവം പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായിരുന്നത്. തുടര്‍ന്നങ്ങോട്ട് മിക്കവാറും എല്ലാദിവസവും ഭര്‍ത്താവിന്റെ പീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. പോലീസുകാരുടെ ഭാഗത്ത് നിന്നുപോലും അതിക്രമങ്ങള്‍ ഉണ്ടായി. ഫൂലനെ ഏറെ ദ്രോഹിച്ചത് ഠാക്കൂര്‍മാരാണ്.

തുടര്‍ന്ന്, ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഫൂലന്‍, കുറച്ചുകാലം ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നെല്ലാം അവള്‍ ആട്ടിയോടിക്കപ്പെട്ടു. ഒടുവില്‍ പോകാന്‍ മറ്റൊരിടമില്ലാതെ നിസ്സഹായയായി ഫൂലന്‍ വീണ്ടും സ്വന്തം ഗ്രാമത്തിലേക്കുതന്നെ തിരികെയെത്തുകയായിരുന്നു. ഫൂലന്റെ ഒരു ബന്ധുവിന് ബാബു ഗുജ്ജര്‍ എന്ന കൊള്ളക്കാരന്റെ സംഘവുമായി ബന്ധമുണ്ടായിരുന്നു. ആ സംഘത്തിനുവേണ്ട റേഷന്‍ എത്തിച്ചിരുന്നത് അയാളായിരുന്നു. ഗ്രാമത്തിലെ ഒരു ഠാക്കൂറിന്റെ വീട്ടില്‍ കൊള്ളക്കാര്‍ ആക്രമണം നടത്തിയപ്പോള്‍ ഠാക്കൂര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ഫൂലനെയാണ്. ഫൂലന്റെ സഹോദരന് കൊള്ളക്കാരുമായുള്ള അടുപ്പം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലായ ഫൂലന്‍ സ്റ്റേഷനില്‍ വെച്ച് വീണ്ടും അപമാനിക്കപ്പെടുകയായിരുന്നു. അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. അന്നുരാത്രി ലോക്കപ്പില്‍ പോലീസുകാരാല്‍ കൂട്ടബലാത്സംഗത്തിനിരയുമായി.

അടുത്ത ദിവസം അവളെ പോലീസുകാര്‍ തിരികെ വിട്ടെങ്കിലും, അന്നുരാത്രി തന്നെ അവളെത്തേടി കൊള്ളസംഘമെത്തി. ബാബു ഗുജ്ജറിന് ഫൂലനെ നന്നായി ബോധിച്ചു. അയാള്‍ അവളെ കൈകള്‍ കൂട്ടിക്കെട്ടി കൂടെ തട്ടിക്കൊണ്ടുപോയി. ചെന്ന ദിവസം മുതല്‍ തന്നെ നിരന്തരം അവിടെയും അതിക്രൂരമായ ബലാത്സംഗത്തിന് ഫൂലന്‍ ഇരയായി. സംഘത്തിലെ മറ്റുള്ള കൊള്ളക്കാര്‍ നോക്കിനില്‍ക്കെ അവരുടെ മുന്നില്‍ വെച്ചുതന്നെയായിരുന്നു ക്രൂരമായ ഈ പീഡനങ്ങളും അരങ്ങേറിയിരുന്നത്. അക്കൂട്ടത്തില്‍ വിക്രം മല്ല മസ്താന എന്നുപേരായ ഒരു കൊള്ളക്കാരന് ഫുലന്‍ ദേവിയോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു. എങ്കിലും, ബാബു ഗുജ്ജറിനെ ഭയന്ന് അയാള്‍ അപ്പോള്‍ ഒന്നും പ്രതികരിച്ചില്ല. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ വിക്രം മല്ല ബാബു ഗുജ്ജാറിനെ വെടിവെച്ച് കൊല്ലുകയുണ്ടായി.

അന്നേദിവസം തന്നെ വിക്രം മല്ല, ഫൂലന്‍ ദേവിയെ തന്റെ ജീവിതസഖിയായി കൂടെക്കൂട്ടുകയും ചെയ്തു. ‘ ഇനിയൊരാളും ഈ പെണ്‍കുട്ടിയെ തൊടില്ല…’ എന്നൊരു പ്രഖ്യാപനവും ആ കൊള്ളക്കാരന്‍ നടത്തുകയുണ്ടായി. ഠാക്കൂര്‍മാരുടെ പീഡനങ്ങള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരുന്ന കീഴ്ജാതിക്കാരെയാണ് ആദ്യം വിക്രം മല്ല കയ്യിലെടുത്തത്. അവര്‍ക്കുമുന്നില്‍ ഫൂലനെ ഗ്രാമത്തെ രക്ഷിക്കാന്‍ പിറവിയെടുത്ത ദുര്‍ഗ്ഗാദേവിയുടെ അവതാരമായാണ് വിക്രം അവതരിപ്പിച്ചത്.

തുടര്‍ന്ന് വിക്രം മല്ല, ഫൂലന്‍ ദേവിക്ക് തന്റെ ജീവിതത്തിലെ ആദ്യ പ്രതികാരത്തിനുള്ള വഴിയും ഒരുക്കി നല്‍കി. പതിനൊന്നാം വയസ്സില്‍ തന്നെ ആക്രമിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ അവള്‍ അയാളുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറക്കി കുത്തിമലര്‍ത്തുകയുണ്ടായി. കൊന്നില്ല, പകരം ജീവച്ഛവമാക്കി ശിഷ്ടജീവിതം നരകിച്ചു തീര്‍ക്കാന്‍ വിടുകയാണുണ്ടായത്. ഇനിയൊരു സ്ത്രീയെയും ലൈംഗികമായി ആക്രമിക്കാന്‍ ശേഷിയുണ്ടാകാത്ത വിധം അയാള്‍ക്ക് പരിക്കുകള്‍ സമ്മാനിച്ചിട്ടാണ് ഫൂലന്‍ അവിടം വിട്ടിരുന്നത്.

ഫൂലനും വിക്രം മല്ലാ മസ്തനായും സംഘവും ചേര്‍ന്ന് നിരവധി ഹൈവേ കൊള്ളകളും നടത്തിയിട്ടുണ്ട്. അന്ന് വിക്രം ഫൂലനോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, ‘കൊല്ലുന്നെങ്കില്‍ പത്തിരുപതുപേരെയെങ്കിലും കൊല്ലണം. കാരണം ഒരാളെ കൊന്നാല്‍ നിനക്ക് കിട്ടുക തൂക്കുകയറാകും, ഇരുപതുപേരെ കൊന്നാല്‍ നിന്നെയവര്‍ കൊള്ളക്കാരി എന്നുവിളിക്കും കീഴടങ്ങാന്‍ കെഞ്ചിക്കൊണ്ട് നിന്റെ പിന്നാലെ നടക്കും പെന്‍ഷന്‍ വരെ കിട്ടുമെന്നും വിക്രം ചൂണ്ടിക്കാട്ടുകയുണ്ടായി. ‘പിന്നീട് ഫൂലന്‍ പ്രവര്‍ത്തിച്ചതും ഈ വഴിക്കായിരുന്നു.

വിക്രം മല്ലയും വെടിയേറ്റ് മരിച്ചതോടെ മറ്റൊരു കൊള്ളക്കാരനായ മാന്‍ സിങ്ങാണ് ഫൂലന്‍ ദേവിയെ ജീവിതപങ്കാളിയാക്കി മാറ്റിയത്. അവര്‍ ഇരുവരും ചേര്‍ന്ന് മല്ലാ സമുദായക്കാരുടേതു മാത്രമായ ഒരു കൊള്ളസംഘവും ഉണ്ടാക്കി. ബുന്ദേല്‍ഖണ്ഡിലാകെ അവരുടെ കുപ്രസിദ്ധി പരക്കാന്‍ അധികം താമസമുണ്ടായിരുന്നില്ല. സംഘം ശക്തി പ്രാപിച്ചതോടെ ഫുലന്‍ ബെഹ് മെയി ഗ്രാമത്തിലേക്ക് തിരികെ ചെന്നു. തന്നെ പീഡിപ്പിച്ച് നൂല്‍ബന്ധമില്ലാതെ നടത്തിച്ച് അപമാനിച്ച ആ ഗ്രാമത്തില്‍ പ്രതികാരദാഹിയായി അവള്‍ അഴിഞ്ഞാടി. ഇരുപത്തൊന്ന് രാജ്പുത്ത് ഠാക്കൂര്‍മാരാണ് ആ കോപത്തിന് മുന്നില്‍ പിടഞ്ഞ് വീണിരുന്നത്.

പിന്നീട്, ഫുലന്‍ ദേവിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഒരു റോബിന്‍ ഹുഡ് മാതൃകയിലേക്ക് മാറിക്കൊണ്ടിരുന്നു. ഉന്നത ജാതിക്കാരെ ആക്രമിച്ചു കിട്ടുന്ന സമ്പത്ത് താണജാതിക്കാര്‍ക്കിടയില്‍ അവര്‍ വിതരണം ചെയ്തുപോന്നു. ഇതോടെയാണ് ദേശീയ മാധ്യമങ്ങള്‍ കൊള്ളക്കാരിയുടെ റാണിയെന്ന പട്ടം ഫുലന് സമ്മാനിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങിയ ഫൂലന്‍ 1996ലും 1999ലും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുകയുണ്ടായി. ഫൂലന്‍ ദേവിയ്‌ക്കെതിരെയുള്ള സകലകേസുകളും പിന്‍വലിച്ച ‘സമാജ് വാദി’ പാര്‍ട്ടി സര്‍ക്കാര്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ ഫൂലനെയും മത്സരിപ്പിച്ചിരുന്നത്. സിറ്റിംങ് എംപി ആയിരിക്കെയാണ് ദില്ലിയിലെ സ്വന്തം വീടിന് മുന്നില്‍ ഫൂലന്‍ ദേവി വെടിയേറ്റ് മരിച്ചത്. ‘ബെഹ് മെയി’ ഗ്രാമത്തിലെ കൂട്ടക്കൊലക്കുള്ള പ്രതികാരമായിരുന്നു ഈ കൊലപാതകം.

‘തോക്കെടുത്തവള്‍ തോക്കാലേ’ എന്ന് ഈ കൊലപാതകത്തെ വിശേഷിപ്പിക്കാമെങ്കിലും ഫുലന്‍ ചെയ്ത നന്മകളും, അവര്‍ അനുഭവിച്ച പീഢനങ്ങളും ഒരിക്കലും നമുക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഇപ്പോഴും ജാതിയുടെ പേരില്‍ കൊടും പീഢനങ്ങളാണ് ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച സംഭവം നടന്നിട്ട് അധിക നാളുകള്‍ ആയിട്ടില്ല. അധികാര കേന്ദ്രങ്ങളാണ് പലപ്പോഴും അക്രമികളുടെ രക്ഷകരായെത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ തന്നെയാണ് ഫൂലന്‍ ദേവിമാരെയും സൃഷ്ടിക്കുന്നത്.

Top