കോൺഗ്രസ്സ് മുക്തമായ ഭാരതത്തിന് നിറം പകരുന്നത് കോൺഗ്രസ്സ് നേതൃത്വം

ദേശീയ രാഷ്ട്രീയത്തില്‍, ഏറെക്കുറേ അപ്രസക്തമായി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്നം സാക്ഷാത്കരിക്കുന്നത് തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്. ഭരണം ലഭിച്ച സംസ്ഥാനങ്ങള്‍ തുലച്ചതും കോണ്‍ഗ്രസ്സ് നേതാക്കളുടെ ആര്‍ത്തി മൂലമാണ്. മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിച്ച് ജോതിരാദിത്യ സിന്ധ്യ എത്തിയത് കാവി പാളയത്തിലേക്കാണ്.

കര്‍ണ്ണാടകത്തില്‍ നിലവിലുണ്ടായിരുന്ന ഭരണമാണ് കോണ്‍ഗ്രസ്സ് തുലച്ചിരിക്കുന്നത്. കൂറുമാറിയ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ക്ക് സീറ്റുകള്‍ നല്‍കി വിജയിപ്പിച്ചാണ് ബി.ജെ.പി കര്‍ണ്ണാടക ഭരണം തിരിച്ചു പിടിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ തല്‍ക്കാലം ഈ നീക്കങ്ങള്‍ക്ക് തടയിടാനായെങ്കിലും നാളെ എന്തു വേണമെങ്കിലും സംഭവിക്കാം. സച്ചിന്‍ പൈലറ്റിന് ഇപ്പോഴും നോട്ടം കാവി പാളയത്തിലേക്കാണ്. ജോതിരാദിത്യ സിന്ധ്യ തന്നെയാണ് സച്ചിനെയും പുകച്ച് ചാടിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത ഈ നേതാക്കള്‍ക്ക് മനം മാറ്റം സംഭവിച്ചതും യാദൃശ്ചികമല്ല കോണ്‍ഗ്രസ്സ് പിന്തുടരുന്ന അധികാര രാഷ്ട്രീയത്തോടുള്ള ആര്‍ത്തിയാണ് ഇതിനു പ്രധാന കാരണം.

രാഹുലും പ്രിയങ്കയും കിണിഞ്ഞ് ശ്രമിച്ചിട്ടാണ് സച്ചിന്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍, ഈ വരവ് മുറിവേറ്റാണ് എന്നതാണ് സത്യം. കൂടുതല്‍ എം.എല്‍.എമാരെ അടര്‍ത്തി സച്ചിന്‍ വീണ്ടും മറുകണ്ടം ചാടാനുള്ള സാധ്യതയും ഏറെയാണ്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ഇതു തന്നെയാണ്. മൂല്യങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയായി ഇതിനകം തന്നെ കോണ്‍ഗ്രസ്സ് മാറി കഴിഞ്ഞിട്ടുണ്ട്. പടനായകനില്ലാത്ത പടയാണിപ്പോള്‍ കോണ്‍ഗ്രസ്സ്.കയ്യിലുള്ള ആയുധമാകട്ടെ കാലഹരണപ്പെട്ടതുമാണ്. ഒരു തിരഞ്ഞെടുപ്പ് തോല്‍വി പോലും ഏറ്റു വാങ്ങാന്‍ കരുത്തില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. അതു കൊണ്ടാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് അദ്ദേഹം പിന്‍വലിഞ്ഞത്. വയനാട്ടില്‍ നിന്നു കൂടി പരാജയപ്പെട്ടിരുന്നെങ്കില്‍, രാഹുല്‍ നാട് വിട്ടു തന്നെ ഓടി ഒളിക്കുമായിരുന്നു.

രാഹുലിന്റെ അസാന്നിധ്യത്തില്‍ ഒരു പാവ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ സോണിയ ഗാന്ധി. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് കെ.സി വേണുഗോപാലാണ്. തോല്‍വി ഭയന്ന് ആലപ്പുഴയില്‍ നിന്നും ഓടിയൊളിച്ച നേതാവാണ് ഈ കെ.സി. ജനസ്വാധീനമുള്ള നേതാക്കള്‍ നയിക്കാന്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസ്സിന്റെ പ്രധാനശാപം. യുവ തലമുറ ഏറെ പ്രതീക്ഷയോടെ കണ്ട കോണ്‍ഗ്രസ്സ് യുവനേതാക്കളാണ് കാവിയെ പുണരുന്നത്. ജോതിരാദിത്യ സിന്ധ്യയുടെ പാത മറ്റ് യുവനേതാക്കളും പിന്തുടര്‍ന്നാല്‍, കോണ്‍ഗ്രസ്സിന്റെ ഗതി തന്നെയാണ് അധോഗതിയാകുക. ഇപ്പോഴത്തെ അവസ്ഥയില്‍, സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താനുള്ള ശേഷി ഹൈക്കമാന്റിനില്ല.

ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, കേരള നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്. 2022 -ലാണ്, യു .പി നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്.ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ സ്ഥിതി അതിദയനീയമാണ്. ബീഹാറില്‍ ആര്‍.ജെ.ഡിയുടെ ചിറകിലാണ് കോണ്‍ഗ്രസ്സ് അഭയം തേടിയിരിക്കുന്നത്. ഇവിടെ ജനസ്വാധീനമുള്ള, മുഖ്യമന്ത്രി നിതീഷ് കുമാറിനെ അട്ടിമറിക്കുക എന്നത് സാഹസികമാണ്. ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും ഇഷ്ടപ്പെടുന്നില്ല. അത്രയ്ക്കും പരിതാപകരമാണ് അവിടുത്തെയും സ്ഥിതി. പിന്നെയുള്ളത് തമിഴ് നാടാണ്. ഡി.എം.കെ നല്‍കുന്ന സീറ്റുകള്‍ കൊണ്ട് അവിടെയും കോണ്‍ഗ്രസ്സിന് തൃപ്തിപ്പെടേണ്ടി വരും.

കേരളത്തിലാവട്ടെ, മുസ്ലീം ലീഗില്ലാത്ത ഒരു മുന്നണി ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല. ഇത്തവണ കൂടി കേരള ഭരണം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സിന്റെ അടിവേരാണ് തരിപ്പണമാകുക. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച, ഒരു പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയാണിത്. 2022- ല്‍ യു.പി ഭരണം പിടിക്കുമെന്നാണ് കോണ്‍ഗ്രസ്സിപ്പോള്‍ അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയെ, മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടാനാണ് ശ്രമം. ശൂന്യതയില്‍ നിന്നും ചിത്രം വരയ്ക്കുന്നതിന് തുല്യമാണ് ഈ സ്വപ്നവും.

പ്രിയങ്ക, യോഗി ആദിത്യ നാഥിന് ഒത്ത ഒരു എതിരാളി തന്നെയാണ്. അക്കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല. എന്നാല്‍ സംഘപരിവാര്‍ സംവിധാനങ്ങളോട് കിടപിടിക്കാവുന്ന കരുത്ത് കോണ്‍ഗ്രസ്സിന് യു.പിയിലില്ല. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. സ്വന്തം ഭര്‍ത്താവും ഇവിടെ പ്രിയങ്കക്ക് ‘വില്ലനായി’ മാറും. റോബര്‍ട്ട് വാദ്രയുടെ അനധികൃത സ്വത്ത് സമ്പാദന കേസും, വിവാദങ്ങളും ബി.ജെ.പി പ്രചരണായുധമാക്കും. ഈ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന് വീണ്ടും മറുപടിയും പറയേണ്ടി വരും.

അധികാര ‘ഇടനാഴിയിലെ’ വാദ്രയുടെ സ്വാധീനം യു പിയിലെ ജനങ്ങളൊരിക്കലും ഇഷ്ടപ്പെടുകയില്ല. ജാതി- മത ശക്തികള്‍ നിര്‍ണ്ണായകമായ ഈ മണ്ണില്‍, സാമുദായിക വിളവെടുപ്പാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിനു വേണ്ടിയാണ് പ്രധാനമന്ത്രിയെയും ആര്‍.എസ്.എസ് മേധാവിയേയും കൊണ്ടു വന്ന് രാമക്ഷേത്ര ശിലാസ്ഥാപനവും നടത്തിയിരിക്കുന്നത്.80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി ദേശിയ ഭരണം നിലനിര്‍ത്താന്‍ ഇനിയും ബി.ജെ.പിക്ക് അനിവാര്യമാണ്.

നിയമസഭ ഭരണത്തേക്കാള്‍ ലോകസഭയിലെ ഈ വര്‍ദ്ധിച്ച സീറ്റുകള്‍ തന്നെയാണ് കോണ്‍ഗ്രസ്സും ലക്ഷ്യമിടുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടിയാല്‍, അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍, ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിനു വേണ്ടിയാണ് രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി പ്രിയങ്ക തന്നെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഹൈന്ദവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഈ പ്രതികരണം. ന്യൂനപക്ഷങ്ങളെ ചൊടിപ്പിച്ച പ്രതികരണം കൂടിയായിരുന്നു അത്. ഉള്ള മുസ്ലിം പിന്തുണ പോലും പ്രിയങ്ക കാരണം നഷ്ടമാകുമോ എന്ന ആശങ്ക ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിലും ശക്തമായിട്ടുണ്ട്.

Top