ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പു പറയേണ്ടത്; കേന്ദ്ര സർക്കാറിനെതിരെ തെലങ്കാന മന്ത്രി കെ.ടി. രാമറാവു

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ തെലങ്കാന മന്ത്രി കെ.ടി. രാമറാവു. ദിവസേന വിദ്വേഷം തുപ്പുന്നതിലും പ്രചരിപ്പിക്കുന്നതിലും നിങ്ങളുടെ പാർട്ടി ആദ്യം ഇവിടുത്തെ ഇന്ത്യക്കാരോട് മാപ്പ് പറയണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു. മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയിൽ എന്തിന് മാപ്പു പറയണം എന്നാണ് കെ.ടി.ആർ ചോദിച്ചത്.

ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തോടാണ് കെ.ടി. രാമറാവുവിന്റെ പ്രതികരണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പു പറയേണ്ടത് എന്നദ്ദേഹം ട്വീറ്റ് ചെയ്തു. മതഭ്രാന്തിനും വിദ്വേഷത്തിനും ഉന്നതതലത്തിൽ നിന്ന് നൽകുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തിന് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും കെ.ടി.ആർ പറഞ്ഞു. നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ, ബി.ജെ.പി മതഭ്രാന്തൻമാരുടെ വിദ്വേഷ പ്രസംഗത്തിൽ, രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എന്തിനാണ് അന്താരാഷ്ട്ര സമൂഹത്തോട് മാപ്പു പറയുന്നത് എന്ന് കെ.ടി.ആർ ചോദിക്കുന്നു.

Top