അമിത്ഷാ ഇത്തരത്തില്‍ നുണ പറയുന്നത് ദുഖകരം; താന്‍ വീട്ടുതടങ്കലിലെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: അമിത്ഷായുടെ വാദത്തെ തള്ളി നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. അമിത് ഷാ പാര്‍ലമെന്റില്‍ നുണ പറയുകയാണ്, താന്‍ വീട്ടുതടങ്കലിലാണ്. ആഭ്യന്തര മന്ത്രിക്ക് ഇത്തരത്തില്‍ നുണ പറയാന്‍ കഴിയുന്നുവെന്നത് ദുഃഖകരമാണെന്നും ഫാറൂഖ് വിമര്‍ശിച്ചു.

ഫറൂഖ് അബ്ദുള്ളയടക്കം പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും കശ്മീരിനെ വിഭജിക്കുന്നതിനുമുള്ള ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ നുണ പറയുകയാണെന്നും താന്‍ വീട്ടുതടങ്കലിലാണെന്നും വെളിപ്പെടുത്തി ഫാറൂഖ് അബ്ദുള്ള രംഗത്ത് വന്നിരിക്കുന്നത്.

ഫാറൂഖ് അബ്ദുള്ളയുടെ മകനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. ഒമറിനെയും മെഹബൂബയെയും പിന്നീട് അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Top