പാര്‍ലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമം ഉടന്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് ക്രിമിനല്‍ കോഡുകള്‍ നടപ്പാക്കുന്നതിനുള്ള തീയതി ഉടന്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 26 ന് മുന്‍പ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കാന്‍ ഒന്‍പത് മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം എടുക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അഹമ്മദാബാദില്‍ പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ നിയമങ്ങള്‍ ഫോറന്‍സിക്-അധിഷ്ഠിത അന്വേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായി അടുത്ത ആറ് മാസത്തിനുള്ളില്‍ 885 പോലീസ് ജില്ലകളിലായി 900 ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വാനുകള്‍ പുറത്തിറക്കും. 75 പോലീസ് ജില്ലകളില്‍ ഇതിനോടകം ഇതിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, 2023 പ്രകാരം ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുള്ള കേസുകളില്‍ ഫോറന്‍സിക് പരിശോധന നിര്‍ബന്ധമാണ്.2023 ഓഗസ്റ്റിലായിരുന്നു ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചത്. അവിടെനിന്നും പല ഭേദഗതികളും മാറ്റങ്ങളും ഉള്‍പ്പെടുത്തിയ രണ്ടാമത്തെ രൂപമാണ് നിലവില്‍ ഉള്ളത്.

”കണക്ടിവിറ്റി പ്രശ്നമുള്ള ചില മേഖലകള്‍ ഒഴികെ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍, 90% പ്രദേശങ്ങളിലും പുതിയ നിയമം പ്രാബല്യത്തില്‍ വരും”- മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ പ്രധാന ഉദ്യോഗസ്ഥരും വിഷയത്തില്‍ പരിശീലനം നേടിയവരാണെന്ന് ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന് കീഴില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്സിന്റെ കീഴില്‍ പരിവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.പുതിയ നിയമത്തില്‍ ജുഡീഷ്യറിയെ പരിശീലിപ്പിക്കാന്‍ ബിപിആര്‍ ആന്‍ഡ് ഡിയുടെ ഭോപ്പാല്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ അക്കാദമി ഫോര്‍ പോലീസ് ട്രെയിനിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top