നേപ്പാളിലെ യെതി എയർലൈൻസ് അപകട കാരണം പൈലറ്റ് ലിവർ മാറി വലിച്ചതെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയർലൈൻസ് അപകടം പൈലറ്റിന് പറ്റിയ അബദ്ധത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. പൈലറ്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിശകിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് അന്വേഷണം നൽകുന്ന സൂചന. വിമാനം ലാൻഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവർ ഉപയോഗിക്കുന്നതിനുപകരം പൈലറ്റുമാരിൽ ഒരാൾ
എൻജിൻ ഫെദേർഡ് പൊസിഷനിലാക്കുന്ന (വിമാനം ലാൻഡിങ് സമയത്ത് എൻജിനുകളുടെ പ്രവർത്തനം മന്ദ​ഗതിയിലാക്കുന്ന പ്രവർത്തനം) ലിവർ ഉപയോ​ഗിച്ചതിനാൽ എൻജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നു.

അഞ്ച് ഇന്ത്യക്കാരടക്കം 70 യാത്രക്കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യെതി എയർലൈൻസ് 691 വിമാനം പൊഖാറയിലെ സേതി നദിയിൽ തകർന്നുവീഴുകയായിരുന്നു. പറന്നുപൊങ്ങിയ ഉടനെയായിരുന്നു അപകടം. രണ്ട് എൻജിനുകളുടെയും പ്രൊപ്പല്ലറുകൾ ഫെദർ പൊസിഷനിലേക്ക് പോയതിനെ തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. രണ്ട് എൻജിനുകളുടെയും പ്രൊപ്പല്ലറുകൾ ഒരേസമയം ഫെദർ പൊസിഷനിലേക്ക് വരുന്നത് അപൂർവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എയർ ട്രാഫിക് കൺട്രോളർ (എടിസി) ലാൻഡിംഗിന് അനുമതി നൽകിയപ്പോൾ എൻജിനുകളിൽ നിന്ന് വൈദ്യുതി വരുന്നില്ലെന്ന് പൈലറ്റ് രണ്ട് തവണ പരാമർശിച്ചെന്നും റിപ്പോർട്ട് പറയുന്നു.

അപകടസമയത്ത് വിമാനത്തിന്റെ എൻജിനുകൾ പൂർണമായും പ്രവർത്തനക്ഷമമായിരുന്നു. രണ്ട് ക്യാപ്റ്റൻമാരാണ് വിമാനം പ്രവർത്തിപ്പിച്ചിരുന്നത്. എയർലൈനിലെ ആറ് വനിതാ പൈലറ്റുമാരിൽ ഒരാളായ അഞ്ജു ഖതിവാഡയാണ് വിമാനത്തിലെ ഇൻസ്ട്രക്ടർ പൈലറ്റ്. ഇവരുടെ 2006 ലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ ചില യാത്രക്കാർ തത്സമയം പകർത്തി. നാല് ജീവനക്കാരുൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 71 മൃതദേഹങ്ങൾ മാത്രമേ കണ്ടെത്താനായുള്ളൂ. കാണാതായ യാത്രക്കാരൻ മരിച്ചതായി കണക്കാക്കി. അപകട ദിവസം കാഠ്മണ്ഡുവിനും പൊഖാറയ്ക്കുമിടയിൽ ഇതേ ക്രൂ രണ്ട് സർവീസ് നടത്തിയിരുന്നു. മൂന്നാമത്തെ സർവീസാണ് അപകടത്തിൽ കലാശിച്ചത്.

Top