ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനവും ടൂര്‍ണമെന്റിനു ശേഷം കായികമന്ത്രാലയത്തെയും ഫുട്‌ബോള്‍ ഫെഡറേഷനെയും വിമര്‍ശിച്ചതും സ്റ്റിമാച്ചിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ കപ്പില്‍ കളിച്ച മൂന്ന് കളിയും തോറ്റ ഇന്ത്യ ആറ് ഗോള്‍ വഴങ്ങിയിരുന്നു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാനും സാധിച്ചില്ല.

2023 ഓഗസ്റ്റില്‍ സ്റ്റിമാച്ചുമായി രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സ്റ്റിമാച്ചിന്റെ കസേര തെറിക്കാനാണ് സാധ്യത. എന്നാല്‍, ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കു മുന്‍പ് പരിശീലകനെ മാറ്റാന്‍ സാധ്യതയില്ല. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ മാര്‍ച്ച് 21ന് അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് രണ്ടാം പാദം. തുടര്‍ന്ന് കുവൈറ്റ്, ഖത്തര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇതിനിടെ ക്രൊയേഷന്‍ ക്ലബ് ഡൈനമോ സാഗ്രെബ് സ്റ്റിമാച്ചിനെ പരിശീലകനായി നിയമിക്കാന്‍ നീക്കം തുടങ്ങി എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.ഏഷ്യന്‍ കപ്പിനെക്കാള്‍ പ്രാധാന്യം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കാണെന്ന സ്റ്റിമാച്ചിന്റെ അഭിപ്രായവും വിവാദമായി. ഇതിനു പിന്നാലെ കായിക മന്ത്രാലയം ഫുട്‌ബോള്‍ ഫെഡറേഷനോട് വിശദീകരണം തേടി. ചില മുതിര്‍ന്ന താരങ്ങള്‍ ടീം തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ടെന്നും മോശം ഫോമിലായിട്ടും ഇവര്‍ ടീമില്‍ കളിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകളുമുണ്ട്. പരിശീലക വേഷത്തില്‍ കാര്യമായ അനുഭവ സമ്പത്തില്ലാത്ത മുന്‍ ഇംഗ്ലണ്ട് താരം ട്രെവര്‍ സിന്‍ക്ലയറിനെ സഹപരിശീലകനായി നിയമിച്ചതിലും ഫെഡറേഷന് അതൃപ്തിയുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കരുതെന്ന് ഫെഡറേഷന്‍ സ്റ്റിമാച്ചിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിനെ മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രികവടിയില്ലെന്നാണ് ടൂര്‍ണമെന്റിനു ശേഷം സ്റ്റിമാച് പ്രതികരിച്ചത്. ഐഎസ്എലിലെയോ ഐലീഗിലെയോ ക്ലബുകളില്‍ കളിക്കുന്ന ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ കുറവാണ്. അതുകൊണ്ട് തന്നെ ഛേത്രിക്ക് പിന്‍ഗാമിയെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മറ്റ് ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരെ ദേശീയ ടീമില്‍ കളിക്കാന്‍ അനുവദിക്കണം. മറ്റ് രാജ്യങ്ങള്‍ ഇരട്ട പൗരത്വമുള്ള താരങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞിരുന്നു. ഇത് ഫുട്‌ബോള്‍ ഫെഡറേഷനെയും കായിക മന്ത്രാലയത്തെയും ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Top