ഒറ്റ ദിവസം കൊണ്ട് റഷ്യയ്ക്ക് ആയിരത്തോളം സൈനികരെ നഷ്ടമായെന്ന് റിപ്പോർട്ട്‌

കീവ്: കഴിഞ്ഞെ ഫെബ്രുവരി 24 ന് റഷ്യ, യുക്രൈന്‍ അധിനിവേശം തുടങ്ങിയ ശേഷം കരയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ട ദിവസമായിരുന്നു ഇന്നലെ. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഇപ്പോള്‍ കാര്യമായ യുദ്ധം നടക്കുന്നത്. യുക്രൈന്‍റെ 15 ശതമാനത്തോളം വരുന്ന ഈ പ്രദേശങ്ങള്‍ റഷ്യ കീഴടക്കുകയും അഭിപ്രായ സര്‍വേ നടത്തി തങ്ങളുടെ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിന് പിന്നാലെ യുക്രൈന്‍ സൈനികര്‍ പ്രദേശത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഇന്നലെ കിഴക്കും തെക്കൻ നഗരമായ കെർസണില്‍ നടന്ന ശക്തമായ പോരാട്ടത്തില്‍ റഷ്യയുടെ 950 സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം ഒറ്റ ദിവസം ഏറ്റവും കുടുതല്‍ സൈനികരെ റഷ്യയ്ക്ക് നഷ്ടമായ ദിവസം കൂടിയാണ് കടന്ന് പോയത്. അധിനിവേശം ആരംഭിച്ച ശേഷം റഷ്യന്‍ സൈന്യത്തിന് ഇതുവരെയായി 71,200 സൈനികരെ നഷ്ടപ്പെട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. കവചിത വാഹന ശൃംഖലയ്ക്ക് നേരെ യുക്രൈന്‍ സൈനികര്‍ നടത്തിയ അപ്രതീക്ഷണ ആക്രമണത്തില്‍ ഭയന്ന റഷ്യന്‍ സൈനികര്‍ പിന്തിരിഞ്ഞ് ഓടുന്ന വീഡിയോകള്‍ യുക്രൈന്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇതിനിടെ റഷ്യ യുദ്ധമുഖത്തേക്ക് വിടുന്ന സൈനികരില്‍ ഭൂരിഭാഗവും സൈനിക പരിശീലനം ലഭിക്കാത്ത ജയില്‍പ്പുള്ളികളാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. റഷ്യ സൈനിക പരിശീലനമില്ലാത്ത കുറ്റവാളികളെ ജയില്‍ നിന്ന് നേരിട്ട് യുദ്ധമുഖത്തേക്ക് വിടുകയാണെന്ന് ബ്രിട്ടന്‍റ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. ഇത്തരം കുറ്റവാളികള്‍ക്ക് വളരെ മോശം ആയുധങ്ങളാണ് നല്‍കുന്നതെന്നും യുദ്ധത്തില്‍ വിജയിച്ചാല്‍ ഇവരുടെ കുറ്റങ്ങള്‍ക്ക് മാപ്പു നല്‍കാമെന്ന് പറഞ്ഞാണ് ഇവരെ യുദ്ധമുഖത്തേക്ക് അയക്കുന്നതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3,00,000 റിസര്‍വ് സൈനികരെ യുദ്ധമുഖത്ത് അണിനിരത്തുമെന്നായിരുന്നു പുടിന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും സൈനികരെ ലഭിക്കാതെ വന്നതോടെ റഷ്യൻ പാർലമെന്‍റ് ഗുരുതരമായ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട പുരുഷന്മാരെയും യുദ്ധ മുഖത്ത് അണിനിരത്തുന്നതിനുള്ള നിരോധനം എടുത്തുകളഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top