നയൻതാരയും നിവിൻ പോളിയും മലയാള ചിത്രത്തിനായ് വീണ്ടും ഒന്നിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ‘ഡിയര്‍ സ്റ്റുഡൻസ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലാണ് നേരത്തെ നിവിൻ പോളിയും നയൻതാരയും നായിക നായകന്മാരായി എത്തിയിരുന്നത്. ‘താരം’ എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്‍ത സാറ്റര്‍ഡേ നൈറ്റ് ആണ് നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്.

നിവിൻ പോളിയുടെ റിലീസിനായി ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ‘തുറമുഖം’. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു. ചിത്രം ഡിസംബറിൽ തിയേറ്ററില്‍ പ്രദർശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.

Top