ഖാലിസ്ഥാന്‍വാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ദില്ലി: ഖാലിസ്ഥാന്‍വാദി നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികൾ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, അമൃത്പാൽ സിങിനായി ഹോഷിയാർപൂരിൽ തെരച്ചിൽ തുടരുകയാണ്.

അമൃത്പാല്‍സിങ് മാർച്ച് 21ന് ദില്ലിയില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദില്ലിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അമൃത്പാല്‍ സിങിനായുള്ള തെരച്ചില്‍ നേപ്പാള്‍ വരെ എത്തി നിൽക്കുമ്പോഴാണ് ദില്ലിയിലേതെന്ന സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. ഇത് മാർച്ച് 21 ന് ദില്ലിയിലേതെന്നാണ് പൊലീസ് കരുതുന്നത്.

നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ കുരക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ നേരെ ദില്ലിയിലെത്തി എന്നാണ് അനുമാനം. അമൃത്പാലിനായി മാർച്ച് 18ന് തുടങ്ങിയ തെരച്ചില്‍ 28 ആം തിയ്യതി എത്തി നില്‍ക്കുമ്പോൾ ഇപ്പോള്‍ പ്രധാന അന്വേഷണം നേപ്പാള്‍ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് നേപ്പാള്‍ സർക്കാർ രാജ്യത്ത് നിരീക്ഷണപട്ടികയിൽ ഉള്‍പ്പെടുത്തി അമൃത്പാലിനായുള്ള തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് അമൃ‍ത്പാലിന്റെ അഭിഭാഷകന്‍ നല്‍കിയ ഹേബിയസ് കോർപ്പസ് ഹ‍ർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

Top