കരീം ബെന്‍സീമയില്‍ താല്‍പ്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്;ബെന്‍സീമ ഇത്തിഹാദ് വിടുമെന്നാണ് സൂചന

ലണ്ടന്‍: സൗദി ക്ലബ് അല്‍ ഇത്തിഹാദ് താരം കരീം ബെന്‍സീമയില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി താല്‍പ്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്. 36കാരനായ ബെന്‍സീമ ഇത്തിഹാദ് വിടുമെന്നാണ് സൂചന. റയല്‍ മാഡ്രിഡ് മുന്‍ താരം കൂടിയായ ബെന്‍സീമയ്‌ക്കൊപ്പമാണ് സാദിയോ മാനെയും അയ്‌മെറിക് ലപ്പോര്‍ട്ടയും സൗദിയിലെത്തിയത്. എന്നാല്‍ സൗദിയില്‍ ബെന്‍സീമ സന്തോഷവാനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം അല്‍ ഇത്തിഫാഖ് താരമായിരുന്ന ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ സൗദി വിട്ടിരുന്നു. മൂന്ന് വര്‍ഷത്തെ കരാറിലെത്തിയ ഹെന്‍ഡേഴ്‌സണ്‍ ആറ് മാസത്തിലാണ് സൗദി വിട്ടത്. പിന്നാലെയാണ് മൂന്ന് വര്‍ഷത്തേയ്ക്ക് സൗദിയിലെത്തിയ ബെന്‍സീമയും ആറ് മാസത്തില്‍ ക്ലബ് വിടുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ തവണ ചാമ്പ്യന്മാരായത് അല്‍ ഇത്തിഹാദ് ആണ്. എന്നാല്‍ ഇത്തവണ ബെന്‍സീമയടക്കമുള്ള താരങ്ങള്‍ ഉണ്ടായിട്ടും ഇത്തവണ ഇത്തിഹാദ് മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ താരം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. പിന്നാലെ 17 ദിവസത്തോളം ബെന്‍സീമ ക്ലബ് വിട്ടുനിന്നിരുന്നു. തിരികെ ക്ലബിനൊപ്പം ചേര്‍ന്നെങ്കിലും സൗദി വിടാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Top