കോലി പറഞ്ഞ ചില വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ട്; പൂർണ സഭാഷണം പുറത്ത്

ലക്നൗ: മേയ് 1നു നടന്ന റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം ഒരുപക്ഷേ വിരാട് കോലി– ഗൗതം ഗംഭീർ വാക്കുതർക്കത്തിന്റെ പേരിലാകും ഐപിഎൽ ചരിത്രത്തിൽ ഓർമിക്കപ്പെടുക. സംഭവത്തിൽ ഇരുവർക്കും മാച്ച് ഫീയുടെ നൂറു ശതമാനവും പിഴ ചുമത്തിയിരുന്നു. വാക്കുതർക്കത്തിന്റെ വിവിധ വിഡിയോകൾ പുറത്തുവന്നെങ്കിലും യഥാർഥത്തിൽ സംഭവിച്ചത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.

ഒരുഘട്ടം വരെ കാഴ്ചക്കാരനായിരുന്ന ഗംഭീർ, പെട്ടെന്ന് ഇടപെട്ടത് എന്തിനാണെന്ന കാര്യം പലരെയും കുഴക്കിയിരുന്നു. എന്നാൽ കോലി ഉപയോഗിച്ച വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചതെന്നാണ് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പറയുന്നത്. ഇരുവരും തമ്മിലുണ്ടായ സംസാരത്തിന്റെ ഏകദേശ പൂർണരൂപം പുറത്തുവിട്ടാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ മാസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് തിങ്കളാഴ്ച ലക്നൗ സ്റ്റേഡിയത്തിൽ നടന്നത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോലിയെ ചൊടിപ്പിച്ചിരുന്നു.

ഇതിനു മറുപടിയെന്നോണം മേയ് 1നു നടന്ന മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. പിന്നീട് കൈൽ മെയേഴ്സും കോലിയും സംസാരിക്കുമ്പോൾ ഗംഭീറെത്തി മെയേഴ്സിനെ കൂട്ടിക്കൊണ്ടു പോയി. ഇരുവരും രണ്ടു ദിശകളിലേക്ക് നീങ്ങുന്നതിനിടെ ഗംഭീർ പ്രകോപിതനായി തിരിച്ചുവരുകയായിരുന്നു.

‘‘ബ്ലഡി എഫ്***. അയാൾക്ക് എനിക്കൊരു യാത്രയയപ്പ് നൽകണം’’ എന്ന് കോലി പറഞ്ഞതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒരു ദൃക്സാക്ഷിയാണ് ഇക്കാര്യം വിവരിക്കുന്നത്. ഗംഭീർ ചോദിച്ചു, ‘‘എന്താണ് നിങ്ങൾ പറയുന്നത്?’’ കോലിയുടെ മറുപടി:, ‘‘ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ല, പിന്നെ എന്തിനാണ് ഇടയിൽ വരുന്നത്?’’ അപ്പോൾ ഗംഭീർ, ‘‘നിങ്ങൾ എന്റെ കളിക്കാരനെ അധിക്ഷേപിച്ചു, അത് എന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നത് പോലെയാണ്.’’ വിരാടിന്റെ മറുപടി: ‘‘എന്നാൽ നിങ്ങളുടെ കുടുംബത്തെ രക്ഷിക്ക്.’’ ‘‘എനിക്ക് നിങ്ങളിൽനിന്ന് അതു പഠിക്കേണ്ടതുണ്ട്’’ എന്നായിരുന്നു ഇരുവരെയും പിടിച്ചുമാറ്റുന്നതിനു മുൻപ് ഗംഭീറിന്റെ മറുപടി.

ഇത് ആദ്യമായിട്ടല്ല ഗംഭീറും കോലിയും ഐപിഎലിൽ നേർക്കുനേർ വരുന്നത്. 2013ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് കോലി ഔട്ട് ആയതിനു പിന്നാലെ ഗംഭീർ നടത്തിയ ആഘോഷ പ്രകടനം കോലിയെ ചൊടിപ്പിക്കുകയും ഇരുവരും നേർക്കുനേർ വരുകയും ചെയ്തിരുന്നു. കൊൽക്കത്ത താരം രജത് ഭാട്യ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്.

Top