ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്

ലഖ്‌നൗ: ഹിന്ദു പുരോഹിതന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിൽ ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം നടക്കുന്ന മാഘമേളയിൽ ആദ്യ കരട് അവതരിപ്പിക്കും. ന്യൂഡൽഹിക്കു പകരം വരാണസി തലസ്ഥാനം, ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും പകരം വരാണസിയിൽ മതപാർലമെന്റ്, ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയല്‍ തുടങ്ങി സുപ്രധാന നിർദേശങ്ങൾ പുതിയ ഭരണഘടനയിലുണ്ടാകുമെന്നാണ് വിവരം.ദേശീയമാധ്യമമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആണ് വാർത്ത പുറത്തുവിട്ടത്.

സംഭവി പീഠാധ്വീശ്വറും വരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ തലവനുമായ സ്വാമി ആനന്ദ് സ്വരൂപ് ആണ് ഭരണഘടനാ നിർമാണ സമിതിക്ക് നേതൃത്വം നൽകുന്നത്. 750 പേജുള്ള ഭരണഘടനയാണ് തയാറാകുന്നതെന്നാണ് ആനന്ദ് സ്വരൂപ് പറഞ്ഞത്.

മതപണ്ഡിതരുമായും വിവിധ രംഗങ്ങളിലെ വിദഗ്ധരുമായും വിശദമായ ചർച്ചയും കൂടിയാലോചനയും നടത്തിയ ശേഷമായിരിക്കും ഭരണഘടന അന്തിമമാക്കുകയെന്നും ആനന്ദ് സ്വരൂപ് അറിയിച്ചു. ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഉരുത്തിരിഞ്ഞു വരുന്ന 300 പേജുള്ള ആദ്യ ഭാഗം 2023 ആദ്യത്തിൽ മാഘമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന ധർമസൻസദിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

32 പേജ് ഇതിനകം തയാറായിട്ടുണ്ട്. വിദ്യാഭ്യാസം, പ്രതിരോധം, നിയമം, ക്രമസമാധാനം, വോട്ടിങ് സംവിധാനം അടക്കമുള്ള വിഷയങ്ങളാണ് ഇതിൽ വരുന്നത്. ഭരണഘടനാ പ്രകാരം ന്യൂഡൽഹിക്കു പകരം വരാണസിയാകും ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനം. വരാണസിയിൽ മതപാർലമെന്റ് നിർമിക്കും. എല്ലാ മതക്കാർക്കും രാജ്യത്ത് സമാധാനത്തോടെ കഴിയാനുള്ള പരിരക്ഷയുണ്ടാകും.

എന്നാൽ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ അടങ്ങുന്ന ന്യൂനപക്ഷങ്ങൾക്ക് വോട്ടവകാശമുണ്ടാകില്ലെന്നുമാണ് ലഭിക്കുന്ന വിവരം. ഹിന്ദു നിർമാൺ സമിതി തലവൻ കമലേശ്വർ ഉപാധ്യായ്, മുതിർന്ന സുപ്രിംകോടതി അഭിഭാഷകൻ ബി.എൻ റെഡ്ഡി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, വേൾഡ് ഹിന്ദു ഫെഡറേഷൻ അധ്യക്ഷൻ അജയ് സിങ് തുടങ്ങിയവരെല്ലാം ഭരണഘടനാ നിർമാണ സമിതിയിലുണ്ട്.

Top