അര്‍ജന്റീനയെ നേരിടാന്‍ ബെന്‍സേമ ഖത്തറിലേക്ക് എത്തുമെന്ന് റിപ്പോർട്ട്; റയല്‍ മാഡ്രിഡ് തടസമാകില്ല

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ആക്രമണ നിരക്ക് മൂര്‍ച്ച കൂട്ടാന്‍ കരീം ബെന്‍സേമ കൂടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സീസണ്‍ മുഴുവന്‍ പരിക്ക് വേട്ടയാടിയ ബെന്‍സേമയെ വീണ്ടും ഖത്തറിലേക്ക് അയക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബ് റയല്‍ മാഡ്രിഡ് തയാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ബെന്‍സേമയ്ക്ക് റയല്‍ തടസമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 34 വയസുകാരനായ താരത്തിന് ഇനിയൊരു ലോകകപ്പ് സാധ്യമാകുമോയെന്ന കാര്യം സംശയമാണ്.

കരീം ബെന്‍സേമ ഇപ്പോഴും ഔദ്യോഗികമായി ഫ്രാന്‍സ് ടീമിന്റെ ഭാഗമാണ്. ടീമിലുണ്ടായിരുന്ന അദ്ദേഹം ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഫ്രാന്‍സ് ആദ്യ മത്സരത്തിനിറങ്ങും മുമ്പായിരുന്നു ഇത്. എന്നാല്‍ ബെന്‍സെമയക്ക് പകരം ആരെയും കോച്ച് ദിദിയെര്‍ ദെഷാംസ് ടീമിലെടുത്തതുമില്ല.

ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. എന്നാലിപ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായ ബെന്‍സേമയെ ലോകകപ്പ് ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പരിശീലകന്‍ ദിദയെര്‍ ദെഷാംസ് മൗനം പാലിച്ചതും ഇക്കാര്യം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാംസിന്റെ മറുപടി.

കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്. ലോകകപ്പില്‍ കിലിയന്‍ എംബാപ്പെ അഞ്ച് ഗോളടിച്ചപ്പോള്‍ ഒലിവര്‍ ജിറൂദ് നാലു ഗോള്‍ നേടി. ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടിനായി ഇരുവരും ശക്തമായി രംഗത്തുണ്ട്. പോഗ്ബെയുടെയും കാന്റെയുടെയും അഭാവത്തിലും ഫ്രഞ്ച് മധ്യനിര ഭരിക്കുന്ന അന്റോണിയോ ഗ്രീസ്മാനും എംബാപ്പെയും ജിറൂദും ചേരുമ്പോള്‍ തന്നെ ആരും പേടിക്കുന്ന ആക്രമണനിരയായ ഫ്രാന്‍സിലേക്ക് ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാവ് കൂടിയായ ബെന്‍സേമ കൂടി എത്തിയാല്‍ അത് ടീമിന് ഇരട്ടി കരുത്താവും.

Top