ശശി തരൂരിനെ പാ‍ർലമെന്ററി അദ്ധ്യക്ഷനാക്കാൻ ശുപാർശ

ന്യൂഡൽഹി: ശശി തരൂരിനെ പാ‍ർലമെന്ററി അദ്ധ്യക്ഷനാക്കാൻ ശുപാ‍‍ർശ ചെയ്ത് കോൺ​ഗ്രസ്. പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് പാ‍‍ർട്ടി നി‍‍ർദേശിച്ചു. കോൺ​ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണ് ശാസ്ത്ര സാങ്കേതിക സമിതി.കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഈ വരുന്ന 17ന് നടക്കാനിരിക്കെയാണ് എഐസിസിയുടെ തീരുമാനം. നേരത്തെ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും ശശി തരൂരിനെ മാറ്റിയിരുന്നു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാർജുൻ ഖാർ​ഗെയും. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഖാർഗെ പ്രചാരണം നടത്തും. ഉത്തർപ്രദേശിൽ തന്നെയാണ് തരൂരിൻറെയും പ്രചാരണ പരിപാടികൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് വലിയ പിന്തുണയും സ്വീകരണവുമാണ് പിസിസികൾ ഒരുക്കുന്നത്.
എന്നാൽ ശശി തരൂരിന് മുതിർന്ന നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പിന്തുണ വർധിക്കുകയാണെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഉൾപ്പടെ തരൂർ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിൽ ഭൂരിഭാഗവും യുവാക്കളാണെന്നതാണ് മറ്റൊരു വസ്തുത. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്കും മല്ലികാർജുൻ ഖാർ​ഗെയ്ക്കും ​ഗാന്ധികുടുംബത്തിന്റെ ആശീർവാദമുണ്ടെന്ന് ശശി തരൂർ എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

Top