സുപ്രഭാതത്തില്‍ വന്നത് സമസ്തയുടെ നിലപാട് അല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

യോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വരുന്നത് സമസ്തയുടെ നിലപാടല്ലെന്ന് വിശദീകരിച്ച് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍്. കോണ്‍ഗ്രസ് പാര്‍ട്ടി അയോധ്യയിലെ ഉദ്ഘാടനത്തില്‍ പങ്കെടുത്താല്‍ തങ്ങളുടെ വിശ്വാസമൊന്നും വ്രണപ്പെടില്ല. സി.ഐ.സി ഐക്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തീരുമാനം ഉടന്‍ ഉണ്ടാകും. എപി സമസ്തയുടെ സമ്മേളനത്തില്‍ വിയോജിപ്പ് ഉണ്ട്. തങ്ങളാണ് സമ്മേളനം നടത്തേണ്ടത്. പിന്നെ ജനാധിപത്യ രാജ്യത്ത് ആര്‍ക്കും സമ്മേളനം നടത്താനുള്ള അവകാശമുണ്ട്. സുന്നി ഐക്യം വലിയ കാര്യമാണ്. അതിന് കുറെ മാനദണ്ഡങ്ങള്‍ ഉണ്ട്. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയലില്‍ വന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പറയുന്നു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പത്രത്തില്‍ വരുന്നത് സമസ്തയുടെ നിലപാട് അല്ലെന്ന് വിശദീകരിക്കുകയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് സുപ്രഭാതത്തിലെ ലേഖനത്തില്‍ പറയുന്നത്. രാജ്യത്തെ മത വല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ ഉള്ള ജാഗ്രത കോണ്‍ഗ്രസ് കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി എന്നും ലേഖനത്തില്‍ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങില്‍ ക്ഷണം നിരസിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. എന്നാല്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

Top