മാധ്യമങ്ങളല്ല, ഇവിടെ ജനവികാരം അളക്കുന്നത്, അനുപമയുടെ അച്ഛനൊപ്പം

മുല്ലപ്പെരിയാറും, അനുപമയും . . . കേരളം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ശക്തമായ വികാരം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സാമൂഹ്യ മാധ്യമ പേജിനു താഴെ പ്രതികരിച്ചാണ് മലയാളികള്‍ തീര്‍ത്തിരിക്കുന്നത്. വെള്ളം എടുത്തോളൂ പക്ഷേ ജീവന്‍ എടുക്കരുത്, എന്ന അപേക്ഷയുമായി അനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala എന്നിങ്ങനെ, ഹാഷ് ടാഗ് ക്യാംപയിനുകളുടെ ഒരു പ്രളയം തന്നെയാണ് ഈ വിഷയത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഇതുപോലെ തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ ശക്തമായി ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ് കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവും. അനുപമയെന്ന അമ്മയുടെ കണ്ണീര് മുന്‍നിര്‍ത്തി വാര്‍ത്തകളുടെ ഒരു പരമ്പര തന്നെയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് കുട്ടിയെ ആഡ്രയില്‍ നിന്നും കണ്ടെത്തി ക്ലൈമാക്‌സ് നല്‍കിയിരിക്കുന്നത് ഇപ്പോള്‍ മാതൃഭൂമി ന്യൂസാണ്. കുട്ടിയെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണീരായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ആ വികാരത്തിനൊപ്പമാണ് കേരളവും നിന്നിരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ സി.പി.എമ്മും ഒടുവില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അനുപമയുടെ പിതാവിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്താനാണ് തീരുമാനം. ഇത് ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് പോലെ പുറത്താക്കല്‍ നടപടിയല്ല. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും അത് ഉള്‍ക്കൊള്ളാനുള്ള ബോധം ജയചന്ദ്രനുണ്ട്. സി.പി.എം അംഗങ്ങളായ മാതാപിതാക്കള്‍ക്കെതിരെ സി.പി.എം നടപടി സ്വീകരിക്കണമെന്നത് അനുപമയുടെ പരമ പ്രധാനമായ ആവശ്യമായിരുന്നു. അതിനായുള്ള സമ്മര്‍ദ്ദമാണ് അവര്‍ മാധ്യമങ്ങള്‍ വഴി നടത്തിയിരുന്നത്. സി.പി.എമ്മിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ തല്‍ക്കാലം അനുപമയ്ക്കും മാധ്യമങ്ങള്‍ക്കും ആശ്വസിക്കാമെങ്കിലും ആ നിലപാടിനൊപ്പമല്ല കേരളത്തിലെ പൊതുവികാരം എന്നത് തിരിച്ചറിയുന്നത് നല്ലതാണ്.

ദത്ത് സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ ഓരോന്നായി പുറത്തു വന്നതോടെ സമൂഹത്തിലെ പ്രതികരണത്തെയും അത് ഇപ്പോള്‍ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

സ്വന്തം പിതാവിനെയും അമ്മയെയും എതിരാളിയായി ചിത്രീകരിച്ച അനുപമക്ക് തന്റെ കുട്ടിയുടെ പിതാവിന്റെ ചരിത്രമാണ് വലിയ തിരിച്ചടിയായിരിക്കുന്നത്. വിവാഹം കഴിക്കാതെ ഗര്‍ഭം ധരിച്ചതും സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണത്തിനാണ് വഴിവച്ചിരിക്കുന്നത്. മറ്റൊരാളുടെ ഭാര്യയെ സ്‌നേഹിച്ച് വിവാഹം കഴിച്ച ഒരു വിരുതന്‍ തന്നെയാണ് അനുപമയെയും ഗര്‍ഭിണിയാക്കിയിരുന്നത്. ഈ ഘട്ടത്തില്‍ രണ്ട് പെണ്‍മക്കളുള്ള താന്‍ എന്തു ചെയ്യണമായിരുന്നു എന്ന പിതാവിന്റെ ചോദ്യമാണ് അനുപമക്കും കാമുകനായ അജിത്തിനും എതിരായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ബഹു ഭൂരിപക്ഷവും അനുപമയുടെ പിതാവ് ജയചന്ദ്രനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു വൈകാരിക പ്രകടനമായി കൂടിയാണ് മാറിയിരിക്കുന്നത്. കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ജയചന്ദ്രന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുപോലും മകളുടെ ഭാവി ഓര്‍ത്തായിരുന്നു എന്ന രൂപത്തിലേക്കാണ് പ്രതികരണങ്ങളില്‍ മഹാഭൂരിപക്ഷവും മാറിയിരിക്കുന്നത്.

ഇതോടെ, അനുപമക്കും കാമുകനായ അജിത്തിനും വേണ്ടി വാദിച്ച മാധ്യമങ്ങളാണ് ശരിക്കും വെട്ടിലായിരിക്കുന്നത്. രൂക്ഷമായ പ്രതികരണങ്ങളാണ് കമന്റുകളായി പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച പ്രതികരണങ്ങളും അനവധിയാണ്. അനുപമയുടെ പിതാവിനു വേണ്ടി സംസാരിക്കാനും പിന്തുണയ്ക്കാനും നിരവധി പേരാണിപ്പോള്‍ സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറെ ശ്രദ്ധേയമായ ഒരു പോസ്റ്റ് അനുപമയുടെ കുടുംബ സുഹൃത്തിന്റേത് തന്നെയാണ്. അനുപമയെയും പിതാവിനെയും അവരുടെ സ്‌നേഹത്തെയും എല്ലാം നേരിട്ട് കണ്ടറിഞ്ഞ ഡോക്യൂമെന്ററി ഫിലിം മേക്കര്‍ എന്‍ വി അജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അജിത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.

‘ആ പിതാവിനെ എനിയ്ക്കറിയാം,

കോളേജില്‍ പഠിക്കുന്ന മകളെപ്പറ്റി അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാള്‍ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ കണ്ട തിളക്കം ഇപ്പോഴും മനസ്സിലുണ്ട്.

അതാകട്ടെ പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തില്‍ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു എന്നാണ് അജിത് സാക്ഷ്യപ്പെടുത്തുന്നത്. എടാ പോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു ഈ അച്ഛനും മകളും കഴിഞ്ഞിരുന്നത്.

‘ഇവിടെ വാടാ അച്ഛാ’ എന്നൊക്കെ അവള്‍ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ട ഒരു കുടുംബ സുഹൃത്തിന്റെ വിലയിരുത്തലാണിത്. അനുപമക്ക് ഇഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന ഒരു അച്ഛനായിരുന്നു ജയചന്ദ്രന്‍. അപമാനഭാരത്താല്‍ തലകുനിഞ്ഞ നാളുകളില്‍ അയാള്‍ അജിത്തിനോട് ചോദിച്ചൊരു ചോദ്യമുണ്ട്. പെണ്‍മക്കളുള്ള കുടുംബത്തിലെ ഏതൊരു പിതാവും ചോദിക്കുന്ന ചോദ്യമാണത്. അത് ഇതായിരുന്നു . . .

ഒരു ജോലീം കൂലീമില്ല . . . അത് സാരമില്ല, നമുക്കെന്തെങ്കിലും ഒക്കെ ചെയ്യാം . . . അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും വേണമെങ്കില്‍ മറക്കാം . . . പക്ഷെ, അയാള്‍ക്കൊരു ഭാര്യയില്ലേ? ചത്താലും അവള്‍ ഡൈവോഴ്‌സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയില്‍ നിങ്ങളാണെങ്കില്‍ എന്തുചെയ്യും ? അജിത്തിന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ച ചോദ്യമായിരുന്നു ഇത്.

ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു ജയചന്ദ്രന്‍. പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കമ്യൂണിസ്റ്റിന്റെ മകന്‍. അവസാന നാളുകളില്‍ മറവി രോഗം പിടിപെട്ട് പിതാവ് വീട്ടില്‍ നിന്നും ഇറങ്ങി ഏതോ ബസ്സില്‍ കയറി എവിടേയ്‌ക്കോ പോകുമ്പോള്‍ വേവലാതിയോടെ പലരെയും വിളിച്ച് പലയിടങ്ങളില്‍ അന്വേഷിച്ച് ഒടുവില്‍ പിതാവിനെ കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന സ്‌നേഹം ഏറെയുള്ള മകനായിരുന്നു ജയചന്ദ്രന്‍. ആ ജയചന്ദ്രനെയാണ് മനസാക്ഷിയില്ലാത്തവനായി സ്വന്തം മകള്‍ തന്നെ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാന്‍ ജയചന്ദ്രന്‍ ഏറെ പണിപ്പെട്ട കാര്യവും കുടുംബ സുഹൃത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പാര്‍ട്ടി സഖാവായ അമ്മയോ ജ്യേഷ്ഠനോ ആയിടയ്ക്ക് ബാങ്കില്‍ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇക്കാര്യം അറിയരുതെന്ന് ജയചന്ദ്രന് ഏറെ നിര്‍ബന്ധമുണ്ടായിരുന്നു. എങ്കിലും അയാള്‍ വിവാഹത്തിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങള്‍ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവന്‍ പിന്നീടയാള്‍ക്കൊപ്പം തുണയായി നില്‍ക്കുകയും ചെയ്തു.

പത്തോളം ബ്ലോക്കുകള്‍ നീക്കം ചെയ്തു തുന്നിചേര്‍ത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ ജയചന്ദ്രന്‍ മരണപ്പാച്ചില്‍ തുടങ്ങിയ കാര്യവും അജിത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ അഭിമുഖീകരിച്ച കഠിനമായ സമ്മര്‍ദ്ദത്തില്‍ പലരുമായും ജയചന്ദ്രന്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു. അതാകട്ടെ ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായുള്ള പിണക്കത്തിലാണ് ഒടുവില്‍ കലാശിച്ചിരുന്നത്. മകളുമായി കൗണ്‍സിലിംഗ് സെന്ററുകളില്‍ കയറിയിറങ്ങുമ്പോഴും അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഇപ്പോഴും ടിവിയില്‍ വന്നിരുന്ന് അച്ഛന്‍ ശിക്ഷ ഏറ്റുവാങ്ങണമെന്ന നിലപാടാണ് മകള്‍ സ്വീകരിച്ചിരിക്കുന്നത്. അനുപമയുടെ ഈ നിലപാട് തന്നെയാണ് കുടുംബ സുഹൃത്തായ അജിത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുട്ടില്‍ ഇഴയുന്ന പ്രായം മുതല്‍ക്കു അവളെ കാണുന്ന തന്റെ മനസ്സില്‍ ഇപ്പോള്‍ വരുന്നൊരു സംശയവും അജിത് ഫെയ്‌സ് ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ എന്നതാണ് ആ സംശയം. ഒരു ബൈപ്പാസ് സര്‍ജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവള്‍ക്കും അറിവുള്ളതല്ലേ എന്നും, അതോ, ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ എന്നും അജിത്ത് ചോദിക്കുമ്പോള്‍ ചങ്ക് പിടക്കുന്നത് കേരളത്തിലെ ഒരുപാട് മാതാപിതാക്കള്‍ക്കു കൂടിയാണെന്നതും നാം തിരിച്ചറിയണം.

ആത്യന്തികമായി ജയചന്ദ്രന്‍ ചെയ്തതിനോട് തനിക്ക് യോജിപ്പില്ലങ്കിലും അത്തരമൊരവസ്ഥയില്‍ മറ്റെന്തു ചെയ്യണമായിരുന്നു എന്ന ജയചന്ദ്രന്റെ ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയില്‍ ഉത്തരമില്ലെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് അജിത്ത് അവസാനിപ്പിച്ചിരിക്കുന്നത്. അനുപമയുടെ കുടുംബത്തെ അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ അജിത്തിന്റെ ഈ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ട്. മാധ്യമങ്ങളും ഈ പ്രതികരണം കേള്‍ക്കാതെ പോകരുത്. കുട്ടിയെ അനുപമക്ക് തന്നെ കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്തൊക്കെ തെറ്റ് സംഭവിച്ചാലും അത് ഒരമ്മയുടെ അവകാശം തന്നെയാണ്. അതുപോലെ തന്നെ, ജീവിതത്തില്‍ ചുവട് പിഴച്ചു പോയ മകളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കും ഉണ്ട് ചില ഉത്തരവാദിത്വങ്ങള്‍ അതും നാം കാണാതെ പോകരുത്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നതും അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top