വിദ്യാഭ്യാസ മേഖലയിലെ പുരോഗമനത്തിൽ മത താല്പര്യങ്ങളെ ഉൾപ്പെടുത്തുന്നത് ശരിയല്ല; കെ. അജിത

കോഴിക്കോട് : വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിത. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്കെതിരേ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അജിത.

“വിദ്യാഭ്യാസ മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങള്‍ മത താത്പര്യങ്ങള്‍ ദോഷം ചെയ്യുമെന്ന തരത്തലുള്ള പ്രസ്താവനകളോട് ഒരു തരത്തിലും യോജിച്ചു പോവാനാവില്ല. വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍. മുനീര്‍ പറയുന്ന പോലെ ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ. സ്ത്രീ പുരുഷ തുല്യതയിലേക്കെത്താൻ വസ്ത്ര ധാരണ രീതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് സ്‌കൂളുകളില്‍ അത് സൗകര്യാത്മക വസ്ത്രധാരണത്തിലേക്ക് പോവേണ്ടതുണ്ട്. 1995 ല്‍ ചൈനയില്‍ പോയപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോട്ടും പാന്റുമിട്ട് നടക്കുന്നതാണ് അന്ന് ഞാന്‍ കണ്ടത്”, അജിത പ്രതികരിച്ചു.

സ്ത്രീ പുരുഷ തുല്യത നടപ്പിലാക്കണമെങ്കില്‍ അത് വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ തുടങ്ങണമെന്നും അജിത കൂട്ടിച്ചേര്‍ത്തു.

Top