രാഹുലിന്റെ വീഴ്ചയല്ല, യു.ഡി.എഫിന് പിണറായിയുടെ വീഴ്ചയാണ് മുഖ്യം !

യു.പിയിലെ ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോഴും കേരളത്തില്‍ കാര്യമായ പ്രതിഷേധം നടത്താതെ യു.ഡി.എഫ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും സമാനമായ നിലപാടാണ് പിന്തുടരുന്നത്. രാഹുല്‍ ഗാന്ധിയെ തറയില്‍ തള്ളി താഴെ ഇട്ടിട്ടു പോലും വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായിട്ടില്ല. അവര്‍ നടത്തിയ പ്രതിഷേധമാകട്ടെ പ്രഹസനവുമായിരുന്നു. എന്നാല്‍ സി.പി.എം ഇക്കാര്യത്തില്‍ എടുത്ത നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. ശക്തമായാണ് രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന കയ്യേറ്റത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അപലപിച്ചിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും പരസ്യമായി തന്നെ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിക്കുകയുണ്ടായി. രാഷ്ട്രീയ ശത്രുവായ ഇടതുപക്ഷ നേതാക്കള്‍ നല്‍കിയ ഈ പ്രാധാന്യം കോണ്‍ഗ്രസ്സ് സ്വന്തം നേതാവിന് നല്‍കാതിരുന്നതില്‍ കോണ്‍ഗ്രസ്സ് അണികളിലും ഇപ്പോള്‍ പ്രതിഷേധം ശക്തമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ കോ-ലീ-ബീ സഖ്യമുണ്ടാകുമെന്ന സി.പി.എം പ്രചരണത്തെ വെറും പ്രചരണം മാത്രമായി കണ്ടവരില്‍ പോലും ഇതോടെ സംശയങ്ങളും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് നിന്ന് ജയിക്കണമെങ്കില്‍ ആര്‍.എസ്.എസ് വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ചെന്നിത്തലയോട് സംഘപരിവാര്‍ കാണിച്ച സ്‌നേഹം ഷാനിമോള്‍ ഉസ്മാനോട് കാണിക്കാതിരുന്നതാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കണ്ടിരുന്നത്. രമേശ് ചെന്നിത്തല 18,261 വോട്ടിന്റെ ഭൂരിപക്ഷം നേടിയിടത്ത് ആറായിരത്തിനടുത്ത് മാത്രമാണ് ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. അതായത് ചെന്നിത്തലയ്ക്ക് നല്‍കിയ പരിഗണന ‘കാവിപ്പട’ ഷാനിമോള്‍ക്ക് നല്‍കിയില്ലെന്ന് വ്യക്തം. സംഘടനാപരമായ സ്വാധീനം വച്ച് ഒരിക്കലും യു.ഡി.എഫിന്റെ വോട്ടു കൊണ്ടു മാത്രം രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് നിന്നും വിജയിക്കാന്‍ കഴിയുകയില്ല.

അടുത്ത മുഖ്യമന്ത്രി കസേര നോട്ടമിടുന്ന ചെന്നിത്തല സംഘപരിവാറിനെ വെറുപ്പിക്കാത്തതും അതുകൊണ്ട് തന്നെയാണ്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സംബന്ധിച്ചും ചെന്നിത്തലയോട് വലിയ അഭിപ്രായ വ്യത്യാസമില്ല. ‘ഐ’ ഫോണ്‍ വിവാദത്തില്‍ തന്നെ ഇക്കാര്യം വ്യക്തവുമാണ്. ചെന്നിത്തല യു.എ.ഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഒരു പ്രോട്ടോകോള്‍ ലംഘനവും കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കാണുന്നില്ല. ചെന്നിത്തല ‘ഐ’ ഫോണ്‍ വാങ്ങി എന്ന വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും വിസമ്മതിക്കുകയാണ് ഈ ബി.ജെ.പി നേതാവ് ചെയ്തിരിക്കുന്നത്. അണിയറയിലെ അടുപ്പമാണ് ഇതിനു കാരണം.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യത്തിന്റെ പ്രധാന ഇടനിലക്കാരനായി ചെന്നിത്തല മാറുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്ന ഒറ്റ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതും പിണറായി സര്‍ക്കാറിന്റെ അവസാനമാണ്. സ്വാധീനമുള്ള മണ്ഡലങ്ങളുടെ പ്രത്യേക ലിസ്റ്റ് തന്നെ ഉണ്ടാക്കി സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്തുക എന്നതാണ് പരിവാര്‍ അജണ്ട. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത വേട്ടയാണ് സംഘ പരിവാറിനെതിരെ സി.പി.എം നടത്തിയതെന്നാണ് ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കൊല്ലപ്പെട്ട പരിവാര്‍ പ്രവര്‍ത്തകരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ പാലക്കാട്ട് അപമാനിക്കാനുണ്ടായ ശ്രമവും ആര്‍.എസ്.എസിനെ സംബന്ധിച്ച് മറക്കാന്‍ പറ്റാത്ത കാര്യമാണ്. 2018-ല്‍ പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയര്‍ത്തിയത് മോഹന്‍ ഭാഗവതാണ്. ഇതിനെതിരെ സര്‍ക്കാറും സി.പി.എമ്മും എടുത്ത നിലപാടുകളാണ് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ഒരു മാര്‍ച്ച് രാജ്യത്ത് സംഘപരിവാര്‍ നടത്തിയ ഏക സംസ്ഥാനവും കേരളമാണ്.

ചുവപ്പ് ഭീകരത ചൂണ്ടിക്കാട്ടി 2018ല്‍ കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ നിന്നും നയിച്ച ജനരക്ഷാ മാര്‍ച്ചില്‍ അമിത് ഷായും യോഗി ആദിത്യനാഥും ഉള്‍പ്പെടെ സകല നേതാക്കളും പങ്കെടുത്തിരുന്നു. ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തതിനാല്‍ ദേശീയ തലത്തിലും ഈ സമരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനു നേരെയും പിന്നീട് ആക്രമണമുണ്ടായി. സീതാറാം യച്ചൂരിക്ക് നേരെയും കയ്യേറ്റമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ മറ്റു സംസ്ഥാനങ്ങളില്‍ കാലു കുത്തിക്കില്ലെന്ന വെല്ലുവിളിയും പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്റെ തലക്ക് ആര്‍.എസ്.എസ് നേതാവ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഭീഷണികളെയെല്ലാം നേരിട്ടാണ് പിണറായി കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നത്.

ഒടുവില്‍ പ്രഖ്യാപിച്ച വിലക്കില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ക്ക് തന്നെ സ്വയം പിന്‍മാറേണ്ടിയും വന്നിരുന്നു. സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറെ കാലത്തെ പഴക്കം തന്നെ അതിനുണ്ട്. പ്രത്യയ ശാസ്ത്രപരമായ എതിര്‍പ്പില്‍ നിന്നു തന്നെയാണ് പകയും രൂപപ്പെട്ടിരിക്കുന്നത്. ഒരു സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് ആര്‍.എസ്.എസ് കാരന് ചിന്തിക്കാന്‍ പോലും കഴിയുകയില്ല. മറിച്ചും അതാണ് സ്ഥിതി. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ആര്‍.എസ്.എസുമായി സന്ധിയാവാന്‍ കഴിയുകയില്ല. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി അതല്ല. ഇവര്‍ക്കിടയില്‍ യോജിപ്പിന് ഒരു പ്രത്യോയ ശാസ്ത്രവും തടസ്സമല്ല.

ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതു മുതല്‍ കൂട്ടുകൂടിയ ചരിത്രം മുസ്ലീം ലീഗിനുമുണ്ട്. ബേപ്പൂരും, വടകരയുമെല്ലാം കോ-ലീ-ബീ സഖ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളുമാണ്. ഈ ചരിതം പുതിയ കാലത്ത് പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുമെന്നാണ് സി.പി.എം ഇപ്പോള്‍ കണക്ക് കൂട്ടുന്നത്. അത് മുന്നില്‍ കണ്ട് തന്നെയാണ് ചെമ്പട പ്രതിരോധവും തീര്‍ത്തിരിക്കുന്നത്. ഇതിന്റെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളും. രാഹുല്‍ ഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തില്‍ ബി.ജെ.പി ചങ്ങാത്തം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ലന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തുറന്നിടച്ചിരിക്കുന്നത്.

സി.ബി.ഐ അന്വേഷണത്തിലെ ഒത്തു കളിയും സി.പി.എം വ്യാപകമായി ഉന്നയിക്കുന്നുണ്ട്. ഭയപ്പെടുത്തി കീഴ്‌പെടുത്താനുള്ള ആര്‍.എസ്.എസ് നിലപാടിനെ ചെറുക്കുമെന്ന് സി.പി.എം പ്രഖ്യാപിക്കുമ്പോള്‍ ഉലയുന്നത് ഇവിടെ മുസ്ലീം ലീഗ് കൂടിയാണ്. ”ഇതെന്താ ഇവിടുത്തെ കോണ്‍ഗ്രസ്സ് ഇങ്ങനെയെന്ന് ” ലീഗ് അനുഭാവികള്‍ പോലും നിലവില്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ ‘മൗനത്തിലും’ അണികള്‍ കടുത്ത അതൃപ്തിയിലാണ്. പഴയ കോ-ലീ-ബീ ധാരണയുമായി പുതിയ കാലത്ത് വന്നാല്‍ വിവരമറിയുമെന്ന സന്ദേശമാണ് ലീഗ് അണികള്‍ തന്നെ നേതൃത്വത്തിനിപ്പോള്‍ നല്‍കിയിരിക്കുന്നത്.

Top