നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ല; സുധാകരനെ തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം: അധിക നികുതി അടയ്ക്കരുതെന്ന കെപിസിസി പ്രസിന്റ് കെ സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരൻ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്‌ക്കേണ്ട എന്ന അർത്ഥത്തിലല്ല പറഞ്ഞത്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ നികുതി അടയ്‌ക്കേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ കളിയാക്കാനാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. അത് താൻ ചോദിച്ചപ്പോഴും സുധാകരൻ തന്നോട് വ്യക്തമാക്കിയെന്ന് വിഡി സതീശൻ പറഞ്ഞു.

നികുതി പിരിക്കേണ്ടതില്ല എന്ന് കോൺഗ്രസിന് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ അധികനികുതി അടയ്ക്കരുതെന്നും നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

അധിക നികുതി പാർട്ടി പ്രവർത്തകർ അടയ്ക്കില്ലെന്ന് യുഡിഎഫ് കാലത്ത് പിണറായി വിജയൻ പറഞ്ഞിരുന്നു. നികുതി പിരിക്കാൻ ത്രാണിയില്ലാത്ത സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങൾക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരൻ പറഞ്ഞു.

Top