ഐ.പി.എസുകാരനു വേണ്ടി കലഹിച്ച മമതയല്ല, നടപടിയെടുത്ത പിണറായി !

സ്വപ്നലോകത്തെ ബാലഭാസ്‌ക്കറിന്റെ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷം. സരിതക്ക് ബദല്‍ ഒരു ആയുധം കിട്ടിയ പ്രതീതിയിലാണ് അവരുടെ ഇടപെടലുകളെല്ലാം. ഇക്കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ തൂവല്‍ പക്ഷികളാണ്. അമിത് ഷാ യുടെ സി.ബി.ഐയിലാണ് ചെന്നിത്തലയുടെയും വിശ്വാസം. അതുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തന്നെ പ്രതിപക്ഷ നേതാവ് കത്തു നല്‍കിയിരിക്കുന്നത്. കാവിക്കൂട്ടിലാണ് സി.ബി.ഐ എന്ന്, ഇനി ഒരിക്കലും ചെന്നിത്തലയും കോണ്‍ഗ്രസ്സ് നേതാക്കളും മിണ്ടിപ്പോകരുത്.അതിനുള്ള അര്‍ഹത ഇനി അവര്‍ക്കാര്‍ക്കുമില്ല.

വിവാദ നായിക സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയാണെന്ന, പ്രതിപക്ഷ പ്രചരണം ഇതിനകം തന്നെ പൊളിഞ്ഞു കഴിഞ്ഞു. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതും സര്‍ക്കാറല്ല. ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ പ്രകാരം സ്വപ്ന വെറും കരാര്‍ ജീവനക്കാരി മാത്രമാണ്. അതും വിഷന്‍ടെക്കിന്റെയാണ്. കണ്‍സള്‍ട്ടന്‍സി കമ്പനിയും വിഷന്‍ ടെക്കും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ശബളവും നല്‍കി വരുന്നത്.

കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ സ്‌പേസ് പാര്‍ക്ക് സെല്ലിങ്ങുമായി ബന്ധപ്പെട്ട്, കണ്‍സള്‍ട്ടന്റായ പിഡബ്ല്യൂസി കമ്പനി, വിഷന്‍ടെക് എന്ന കമ്പനിയെയാണ് ജീവനക്കാരെ നിയമിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.

ഏറ്റവും മികച്ച ഉദ്യോഗസ്ഥ എന്ന്, യു.എ.ഇ കോണ്‍സുലേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വപ്‌നക്ക്, എവിടെയും ജോലി കിട്ടാന്‍ ഒരു പ്രയാസവുമില്ല. സര്‍ക്കാര്‍, ജോലി കൊടുത്തു എന്ന് ആക്ഷേപിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം. 2018ല്‍ ബെസ്റ്റ് എംപ്ലോയി അവാര്‍ഡും സ്വപ്നയ്ക്ക് ലഭിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റ് 31നാണ് സ്വപ്ന യു.എ.ഇ കോണ്‍സുലേറ്റിലെ എക്‌സിക്യുട്ടീവ് സെക്രട്ടറി എന്ന പോസ്റ്റില്‍ നിന്നും തെറിക്കുന്നത്.

വഴിവിട്ട ബന്ധങ്ങള്‍ ആരോപിച്ച്, എംബസിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി. പുറത്തായവരില്‍ പി.ആര്‍.ഒ സരിത്തും ഒരു ഡ്രൈവറും ഉള്‍പ്പെടുന്നുണ്ട്.

പുറത്താക്കപ്പെട്ട സ്വപ്നയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കേരള സര്‍ക്കാറല്ല, യു.എ.ഇ കോണ്‍സുലേറ്റാണ്.

ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലാത്തടത്തോളം കാലം, സ്വപ്നക്ക് എവിടെയും ജോലി ലഭിക്കാനും സാധ്യത കൂടുതലാണ്. അവര്‍ക്ക് വിഷന്‍ ടെക്കില്‍ ജോലി ലഭിച്ചതും അതുകൊണ്ടുകൂടിയാണ്. ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണ്.

ഒരാളെ പരിചയപ്പെടുമ്പോള്‍, ‘സ്‌കാന്‍ ചെയ്ത്’ പിന്‍ ചരിത്രം നോക്കാന്‍ പറ്റാതിരുന്നതാണ്, ശിവശങ്കറിന് പറ്റിയിരിക്കുന്ന പിഴവ്. ഈ പിഴവിനാണിപ്പോള്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം തെറിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഒരു നടപടിയും ഒരു സര്‍ക്കാറിനും, ഈ ഘട്ടത്തില്‍ സ്വീകരിക്കാന്‍ കഴിയുകയില്ല.

ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും, രാഷ്ട്രീയ മുതലെടുപ്പിനാണ്, ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്രത്തിന് പറ്റിയ പിഴവാണ് ഇവിടെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത്.

യു. എ. ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗുകള്‍, മുന്‍പും പരിശോധിക്കണമായിരുന്നു. ഏത് വിദഗ്ദ തട്ടിപ്പും കണ്ടെത്തുന്ന, കേന്ദ്ര ഏജന്‍സികള്‍ക്കാണ് ഇവിടെയും പിഴച്ചിരിക്കുന്നത്.

യു. എ. ഇ യില്‍ നിന്നയച്ച ബാഗേജുകളില്‍, സ്വര്‍ണ്ണം നിറക്കാന്‍ ഒരു സരിത്തും സ്വപ്നയും മാത്രം വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല. കളി നടന്നിരിക്കുന്നത് ശരിക്കും യു.എ.ഇ ലാണ്. അവിടെ ഇടപെട്ട മഹാനെയാണ് ആദ്യം പൊക്കേണ്ടത്. അതിന് യു.എ.ഇ ഭരണകൂടത്തിന്റെ സഹകരണവും അനിവാര്യമാണ്. ഇന്ത്യയില്‍ കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വര്‍ണ്ണങ്ങള്‍ പിഴ അടപ്പിച്ച് വിടുന്ന രീതിയാണ് നിലവിലുള്ളത്. ഈ ലളിതമായ ശിക്ഷാരീതിയാണ് ആദ്യം മാറ്റേണ്ടത്. അല്ലങ്കില്‍ ഈ സ്വര്‍ണ്ണക്കടത്ത് കേസും ആവിയായി മാറും. ഈ കേസില്‍ ഗുരുതര സ്വഭാവമുയര്‍ത്തുന്നത് കള്ളക്കടത്തിന് കോണ്‍സുലേറ്റിനെ മറയാക്കി എന്നതാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി അനിവാര്യമാണ്. അതിനാണ് കേന്ദ സര്‍ക്കാര്‍ ഇനി തയ്യാറാകേണ്ടത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സുഹൃത്തായി പോയി സ്വപ്ന എന്നത്, മുഖ്യമന്ത്രിയുടെ കുഴപ്പമല്ല. ഈ സംഭവം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലങ്കിലാണ് കുഴപ്പമുളളത്. എന്നാല്‍ അതുണ്ടായിട്ടില്ല. ശക്തമായ നടപടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക മാത്രമല്ല, കേന്ദ്ര അന്വേഷണത്തിന് എല്ലാ പിന്തുണയും, മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സമീപനത്തില്‍ നിന്നും, തികച്ചും വ്യത്യസ്തമാണ് ഈ നിലപാട്.

ശാരദചിട്ടി തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട്, ഐ.പി.എസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍, കൊല്‍ക്കത്തയില്‍ സി.ബി.ഐ സംഘം എത്തിയപ്പോള്‍, അവരെ കസ്റ്റഡിയിലെടുക്കുകയാണ് മമതയുടെ പൊലീസ് ചെയ്തത്. ഐ.പി.എസുകാരനു വേണ്ടി കുത്തിയിരിപ്പ് സമരം നടത്താനും മമത തയ്യാറാവുകയുണ്ടായി.

എന്നാല്‍ ഇവിടെ, ഐ.എ.എസുകാരനായ ശിവശങ്കറിനു വേണ്ടി ഒരു സംരക്ഷണവും പിണറായി തീര്‍ത്തിട്ടില്ല. ഒരു ഔദ്യോഗിക സംരക്ഷണവും നിലവില്‍ ഈ ഉദ്യോഗസ്ഥനില്ല. ഏത് കേന്ദ്ര ഏജന്‍സിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യാം. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയും സ്വീകരിക്കാം. ആരും നിങ്ങളെ തടയുകയില്ല. ഇതാണ് പിണറായി സര്‍ക്കാറും മമത സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം. ഇക്കാര്യം പ്രതിപക്ഷ നേതാക്കള്‍ പ്രത്യേകിച്ച് ബി.ജെ.പി നേതാക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

Express View

Top