സൗദിയിലെ സ്വദേശിവത്ക്കരണത്തിന് ഇനി ദിവസങ്ങള്‍ മാത്രം

ജിദ്ദ: സൗദിയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ ഇനി ദിവസങ്ങല്‍ മാത്രം ബാക്കി. സെപ്റ്റംബര്‍ 11 മുതലാണ് സ്വദേശി വത്ക്കരണം സാധ്യമാക്കുന്നത്.

സ്വകാര്യമേഖലയില്‍ സ്വദേശി അനുപാതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും മാസം മുമ്പാണ് നയം പ്രഖ്യാപിക്കപ്പെടുന്നത്. 12 തൊഴില്‍ മേഖലകളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കാര്‍, മേട്ടോര്‍ സൈക്കിള്‍ കടകള്‍, റെഡിമെയ്ഡ്, കുട്ടികളുടെ വസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്ക് മാത്രമായുള്ള വസ്ത്ര കടകള്‍, വീട്ടുപകരണം, ഓഫീസ് ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ എന്നിവയിലാണ് സ്വദേശിവത്‌രണം നടപ്പാക്കുന്നത്.

പുതിയ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തൊഴില്‍ സാമൂഹ്യമന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട് സാമൂഹ്യവികസന ബാങ്ക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സമിതി വേണ്ട നടപടികള്‍ സ്വീകരിച്ചുവരിയാണ്.

വാച്ച്, കണ്ണട, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് കടകളില്‍ നവംബര്‍ 10 മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, സ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പറ്റ്, മിഠായി കടകളില്‍ 2019 ജനുവരി എട്ട് മുതലും നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിശ്ചിത തിയതികള്‍ക്ക് ശേഷം സ്വദേശികള്‍ക്ക് മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്ന പക്ഷം ശിക്ഷ നടപടികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

Top