പാഠം പഠിക്കാത്ത ജനതയെ ‘പാഠം പഠിപ്പിക്കാൻ’ പ്രകൃതിയുടെ താണ്ഡവം

ദുരന്തങ്ങളുടെ ഭീതി ഉയര്‍ത്തുന്ന നാടായി വീണ്ടും കേരളം മാറിയിരിക്കുകയാണ്. പെട്ടിമുടിയിലും കരിപ്പൂരിലും സംഭവിച്ച ദുരന്തവും ഇതിന്റെ സൂചനയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ഏറെ ഭയത്തോടെയാണിപ്പോള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നത്. വീണ്ടുമൊരു ‘ആഗസ്റ്റ്’ ചതിക്കുമോ എന്ന ആശങ്ക എല്ലായിടത്തും പ്രകടമാണ്.

കരുണ കാണിക്കാതെ പെയ്തിറങ്ങിയ മഴയാണ്, കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിനെ പിളര്‍ത്തിയിരിക്കുന്നത്. ഇടുക്കി രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചതും മഴയുടെ താണ്ഡവത്താലാണ്. രണ്ട് സംഭവങ്ങളിലുമായി 40 പേരാണ് മരിച്ചിരിക്കുന്നത്. ആഗസ്റ്റ് 8 ഉച്ചവരെയുള്ള കണക്കാണിത്. ‘ദൈവത്തിന്റെ’ സ്വന്തം നാടിനെ ‘ദൈവം’ തന്നെ കൈവിട്ട ഒരവസ്ഥ. മരണസംഖ്യ കൂടാതിരിക്കട്ടെ എന്നു മാത്രമേ ഈ ഘട്ടത്തില്‍ നമുക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുകയൊള്ളൂ.

കൊലയാളി വൈറസിനു മുന്നില്‍ നാട് പകച്ച് നില്‍ക്കുമ്പോഴാണ് പ്രകൃതി തന്നെ വീണ്ടും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. പ്രകൃതിയുടെ ഈ കോപത്തിന് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ ഈ നാട് തന്നെയാണ് ഇല്ലാതാകുക. ഇത് പ്രകൃതി സ്നേഹികളുടെ മാത്രം മുന്നറിയിപ്പല്ല, ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു ജീവിതരീതി മുന്‍പ് നമുക്കുണ്ടായിരുന്നു. ഇന്ന് അത് വെറും ഓര്‍മ്മകള്‍ മാത്രമാണ്.

പ്രകൃതിയുടെ ‘കടയ്ക്കല്‍’ കത്തിവെച്ചു കൊണ്ടാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങളും നാട്ടില്‍ നടക്കുന്നത്. ഭൂമിയുടെ സ്പോഞ്ച് ആയിരുന്ന നെല്‍പാടങ്ങളെപോലും ഇല്ലാതാക്കി അവിടെയെല്ലാം വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററുകളും ഹോട്ടലുകളും കൊണ്ട് നദീതടങ്ങള്‍ നിറഞ്ഞു കവിഞ്ഞിട്ട് കാലം കുറച്ചായി. ഇതും ഗുരുതരമായ പിഴവാണ്. പുഴകള്‍ക്കു വികസിക്കാന്‍ വേണ്ട സ്ഥലം നല്‍കി വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍. പുഴയോരങ്ങളില്‍ കൃഷിയെയാണ് പോത്സാഹിപ്പിക്കേണ്ടത് അതല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയല്ല.

കൊച്ചി മരടിലെ കായലിനോട് ചേര്‍ന്നുനിന്ന ഫ്ളാറ്റുകള്‍ പൊളിച്ച് മാറ്റിയത് സുപ്രിം കോടതി ഇടപെട്ടാണ്. ഇതു പോലെ പൊളിച്ചടുക്കേണ്ട അനവധി കെട്ടിടങ്ങള്‍ ഇനിയും കേരളത്തിലുണ്ട്. ഒരുപാട് പേരെ വഴിയാധാരമാക്കാതിരിക്കാനാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍ ഭരണകൂടങ്ങളും കണ്ണടച്ചിരിക്കുന്നത്. എന്നാല്‍ ഈ ‘ആനുകൂല്യം’ മുന്നറിയിപ്പായി കണ്ടല്ല, അവസരമായി കണ്ടാണ് ഒരു വിഭാഗം നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുന്നത്. ഇത്തരക്കാരാണ് കേരളത്തിന്റെ കടയ്ക്കലും കത്തിവയ്ച്ചിരിക്കുന്നത്.

1924-ല്‍ ഉണ്ടായ പ്രളയത്തിലും 2018ലും 2019ലും ഉണ്ടായ പ്രളയത്തിലും വെള്ളം കയറിയിരിക്കുന്നത് ഏതാണ്ട് ഒരേ സ്ഥലത്താണ്. 2020ഉം, ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കില്ലെന്നാണ് ഇതിനകം തന്നെ വ്യക്തമായി കൊണ്ടിരിക്കുന്നത്. 1924ല്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. പണ്ട് പുഴയിലൂടെ ഒലിച്ച് വന്നത് പുലിയും കടുവയും ആനയുമാണെങ്കില്‍ ഇപ്പോള്‍ മനുഷ്യനും ചെളിയും ഒലിച്ച് വരുന്ന സാഹചര്യമാണുള്ളത്. ഭയപ്പെടുത്തുന്ന അവസ്ഥയാണിത്.

ക്വാറികളില്‍ നിന്നും വരുന്ന റബിള്‍ നദിയുടെ ജലസംഭരണ ശേഷിയെയാണ് ബാധിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് നിയന്ത്രണം വരുത്തുവാന്‍, ഇപ്പോഴും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പലയിടത്തും അനധികൃത ഖനനങ്ങളാണ് നടക്കുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും നിലവില്‍, ചുവപ്പ് നാടയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളെ കുറിച്ച് ഈ റിപ്പോര്‍ട്ടുകളില്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്. പശ്ചിമഘട്ട സുരക്ഷക്കു വേണ്ടി ഗാഡ്ഗില്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നു എങ്കില്‍ 2018 മുതല്‍ നാം നേരിടുന്ന വിപത്ത് ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.

ഇപ്പോള്‍ പ്രളയത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും നാടായാണ് കേരളം അറിയപ്പെടുന്നത്. ഇത്തരത്തില്‍ കേരളത്തെ മാറ്റിയതില്‍ നാം ഓരോരുത്തര്‍ക്കും അതിന്റേതായ പങ്കുണ്ട്. പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ മാത്രമല്ല, ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ഇരിക്കുന്ന കൊമ്പാണ് നാം മുറിച്ച് കളയുന്നത്. മനുഷ്യന്‍ ചെയ്തുവെച്ച കാട്ടിക്കൂട്ടലുകള്‍ക്ക് ദൈവം തരുന്ന ശിക്ഷയായി ഇനിയെങ്കിലും ഈ ദുരന്തങ്ങളെ വിലയിരുത്തേണ്ടതാണ്. ഓരോ ദുരന്തവും പടിവാതില്‍ക്കല്‍ എത്തുമ്പോഴല്ല, അത് കഴിയുന്നതും മുന്‍കൂട്ടി കാണുന്നടത്താണ് മിടുക്ക് കാട്ടേണ്ടത്.

‘റിസ്‌ക്ക് സെന്‍സിറ്റിവ് ലാന്‍ഡ് യൂസ് പ്ലാനിങ്’ എന്ന ശാസ്ത്ര സംജ്ഞയിലൂടെ മാത്രമേ ഇത്തരം പ്രളയ ദുരന്തങ്ങളും ഒഴിവാക്കാനാകൂ. സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ രാജു നാരായണസ്വാമിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നതും ഇവിടെയാണ്. ജൈവവൈവിധ്യങ്ങള്‍ മോണോ കള്‍ച്ചറിനും ഇപ്പോള്‍ വഴിമാറി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രിയ പഠനങ്ങള്‍ നടത്തിയുള്ള നദീസംയോജന പദ്ധതികളാണ് ഈ പ്രതിസന്ധി മറികടക്കാന്‍ നടപ്പാക്കേണ്ടതെന്നാണ് രാജു നാരായണ സ്വാമി ചൂണ്ടികാണിക്കുന്നത്. ശാസ്ത്രത്തിന്റെ കരം പിടിക്കുന്നതോടൊപ്പം പ്രകൃതിയെ മറക്കാതെ വേണം ഇനിയെങ്കിലും നാം മുന്നോട്ട് പോകേണ്ടത്. അതല്ലെങ്കില്‍ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയുകയില്ല. ഇക്കാര്യം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.

Top