മാധ്യമപ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ കേസെടുക്കുന്നത് സ്വാഭാവികം; എംവി ജയരാജന്‍

 

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ കേസെടുക്കുന്നത് സ്വാഭാവികമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. മാധ്യമസ്വാതന്ത്ര്യമെന്നാല്‍, കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോള്‍ ശരിയും അല്ലാത്തപ്പോള്‍ തെറ്റുമാകുന്ന നിലയാണ്. മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളായോ പ്രതികളായോ വരുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാകില്ല. തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോള്‍ 11 മാധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നതായും ജയരാജന്‍ പറഞ്ഞു.

പോലീസ് സാക്ഷിയായി വിളിച്ചാലോ ക്രിമിനല്‍ കുറ്റങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു മാധ്യമപ്രവര്‍ത്തകന്‍ കേസില്‍ പ്രതിയായാലോ അതിനെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിഗണനയില്‍ ആരും ഉള്‍പ്പെടുത്തില്ല. അത്തരത്തില്‍ ചിലര്‍ സാക്ഷികളായോ പ്രതികളായോ വരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പറയുന്നത് അങ്ങേയറ്റം തെറ്റാണ്. അതാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിയായിട്ടോ പ്രതിയായിട്ടോ ഉള്ള അനുഭവങ്ങള്‍ ഇതിനുമുന്‍പും നിരവധിയുണ്ടായിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

മാര്‍ക്ക്ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തക അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് വ്യാജരേഖാ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയാണ് പോലീസ് നടപടിയുണ്ടായത്. ഇത് വിവാദമായ സാഹചര്യത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം.

 

Top