തന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റല്‍ പ്രധാനമാണ്; ആര്യാടന്‍ ഷൗക്കത്ത്

റയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നില്‍ പറയുമെന്നും പാര്‍ട്ടി അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും തന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റല്‍ ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനില്‍ നടക്കുന്നത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളത്. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കെപിസിസിയുടെ വിലക്ക് ലംഘിച്ച് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നല്‍കിയ മറുപടി പാര്‍ട്ടിയുടെ അച്ചടക്ക സമിതി വിലയിരുത്തുകയാണ്. തീരുമാനം വരുന്നതു വരെ പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശമുണ്ട്. ഇതിനിടയിലാണ് സിപിഐഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. കെ.പി.സി.സി. നല്‍കിയ വിശദീകരണ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയില്‍നിന്ന് പിന്മാറിയിരുന്നെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയില്‍ പരാമര്‍ശിച്ചിരുന്നു.

Top