യാഷ് നായകനാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തില്‍ കരീന കപൂര്‍ നായികയാകുമെന്ന് സൂചന

കെജിഎഫ് നായകന്‍ യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കരീന കപൂര്‍ നായികയാകുമെന്ന് സൂചന. താരത്തിന്റെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്. നേരത്തെ തെന്നിന്ത്യന്‍ താരം സായി പല്ലവിയായിരിക്കും ടോക്സിക്കിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

കരീനയില്‍ നിന്നോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും യാഷ് ആരാധകര്‍ പുതിയ റിപ്പോര്‍ട്ടില്‍ വലിയ ആവേശത്തിലാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. 2025 ഏപ്രില്‍ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

Top