ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നതായി ആരോപണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി. ഒരു വര്‍ഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിന് ശേഷമാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീഖ് ഇ ഇന്‍സാഫിനെ ഇല്ലാതാക്കാന്‍ തീവ്രശ്രമം നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനായി ലണ്ടന്‍ പദ്ധതി 22 മാസമായി ആവിഷ്‌കരിച്ചു നടപ്പാക്കിയെന്നും പിടിഐ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി റവൂഫ് ഹസന്‍ ആരോപിച്ചു. ഇമ്രാന്‍ ഖാനെ ഇല്ലാതാക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് കള്ളക്കേസുകള്‍ ചുമത്തി ജയിലിടച്ചതെന്നുമാണ് ആരോപണം.

അതേസമയം തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബലൂചിസ്താനില്‍ ഗ്രനേഡ് ആക്രമണം നടന്നു. 24 മണിക്കൂറിനിടെ ഒമ്പത് ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പോളിംഗ് കേന്ദ്രങ്ങളും സ്ഥാനാര്‍ത്ഥികളുടെ ഓഫീസുകളുമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ബലോചിസ്താന്‍ പ്രവിശ്രയിലെ മക്രാന്‍ മേഖലയിലായിരുന്നു ആക്രമണം നടന്നത്.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് അഭിഭാഷകനായ ഷാ മൊഹമ്മദ് സമാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ബിലാവല്‍ ഭൂട്ടോ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഷാ മൊഹമ്മദ് സമാന്‍ ആരോപിച്ചു. ബിലാവല്‍ ഭൂട്ടോ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ബിലാവല്‍ ഭൂട്ടോയോട് സുപ്രീം കോടതി വിശദീകരണം തേടി.

Top