പവര്‍ കട്ടിനെതുടര്‍ന്ന് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌ക മരിച്ചു;അന്വേഷണത്തിന് ഉത്തരവ്

തമിഴ്‌നാട്: പവര്‍ കട്ടിനെതുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌ക മരിച്ചതായി ആരോപണം. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 48 കാരിയാണ് വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മറിച്ചതെന്ന് റിപ്പോര്‍ട്ട്.

രോഗിയായ അമരാവതിയുടെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പവര്‍ ബാക്കപ്പ് ഉണ്ടായിരുന്നില്ല. പവര്‍ കട്ടിന് പിന്നാലെ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചെന്നും ഇതാണ് അമരാവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. എനനാല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള രോഗിയുടെ ആരോഗ്യനിലയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ പറഞ്ഞു. വൈദ്യുതി മുടക്കം അഞ്ച് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും വെന്റിലേറ്ററുകളില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ബാറ്ററി ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാന്‍ ആശുപത്രിയും ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതിനിടെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി ഇല്ലെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് ഒരാള്‍ ഡോക്ടര്‍മാരോട് ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. അതില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ഒരു ഡോക്ടര്‍ രോഗിക്ക് കുത്തിവയ്പ്പ് നല്‍കുന്നതും കാണാം.

Top