കോണ്‍ഗ്രസ് തകരുന്ന കൂടാരം, നേതാക്കള്‍ സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയ; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലെ പലര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാന്‍ പലരും തയ്യാറാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് എന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. അവിടെ നില്‍ക്കേണ്ടതില്ലെന്ന് അതില്‍ പ്രവര്‍ത്തിക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതുകൊണ്ടാണ് പലരും കോണ്‍ഗ്രസ് വിടുന്നത്. ഇത് ആരോഗ്യപരമായ പ്രവണതയായാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രധാനപ്പെട്ടവര്‍ തന്നെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാവുന്നു എന്നത് നല്ല കാര്യമാണ്. ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികള്‍ തീര്‍ന്നു എന്നാണ്. എന്നാല്‍ ഇന്നും ഒരു പ്രധാനി വന്നു എന്നും കണ്ടു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

‘നേരത്തെ കോണ്‍ഗ്രസ് വിടാന്‍ തയ്യാറായവര്‍ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിക്ക് ചാടും എന്ന ഭീതി കാരണം പലരേയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതും പരസ്യമായ കാര്യമാണ്. ബിജെപി നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും മൂല്യങ്ങള്‍ക്കും എതിരായ നിലപാട് എടുക്കുമ്പോള്‍, ആ രീതിയില്‍ കണ്ടു കൊണ്ട്, അതിനെ മനസിലാക്കി നേരിടാന്‍ അല്ല കോണ്‍ഗ്രസ് തയ്യാറാവുന്നതെന്ന് കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് നന്നായി അറിയാം. അത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാതെ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയുന്ന നിലയുണ്ട്’. അതൊരു നല്ല മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top