പൂനെയില്‍ ഐ.ടി. ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

മുംബൈ: പൂനെയില്‍ ഐ.ടി. ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. ഹിഞ്ചാവാഡിയിലെ ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരി വന്ദന ദ്വിവേദി (26) യാണ് കൊല്ലപ്പെട്ടത്. പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചാവാഡി പ്രദേശത്തെ ലോഡ്ജില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ഋഷഭ് നിഗമിനെ മുംബൈയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

ഇരുവരും അത്തര്‍പ്രദേശ് സ്വദേശികളാണ്. 2013 മുതല്‍ ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഋഷഭിനെ അടുത്തിടെ വന്ദന ഒഴിവാക്കാന്‍ തുടങ്ങിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. രണ്ട് കൊല്ലം മുമ്പ് ഋഷഭിന് സ്വന്തം നാട്ടില്‍വെച്ച് മര്‍ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ വന്ദനയാണെന്ന് ഋഷഭിന് സംശയമുണ്ടായിരുന്നതായി ഡെപ്യൂട്ടി കമ്മിഷണര്‍ ബാപു ബംഗാര്‍ പറഞ്ഞു.

ജനുവരി 25നാണ് ഋഷഭ് ഉത്തര്‍പ്രദേശില്‍നിന്ന് ഹിഞ്ചാവാഡിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. അടുത്ത ദിവസം വന്ദനയും ഇവിടെയെത്തി. ശനിയാഴ്ച രാത്രി ഋഷഭ് ലോഡ്ജില്‍നിന്ന് പോകുന്നതിന്റെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാര്‍ഥകാരണം വ്യക്തമായിട്ടില്ലെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Top