മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി വിടവാങ്ങിയിട്ട് എട്ട് വര്‍ഷം

ലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി വിടവാങ്ങിയിട്ട് എട്ട് വര്‍ഷം. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചുമാണ് മണി സാധാരക്കാരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. മലയാളികളുടെ ജിവിതത്തില്‍ മണിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല.

നാടന്‍ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകള്‍. നീണ്ട ചിരിയുമായി മണിയെത്തുമ്പോള്‍ സദസ് ഇളകി മറിഞ്ഞു.മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും കെടാത്ത അഗ്‌നിപോലെ മനസ്സില്‍ കലയോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ചവന്‍. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേര്‍ത്തു വച്ചു.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. തെന്നിന്ത്യന്‍ സിനിമയില്‍ മണിക്ക് തുല്യം മണി മാത്രമായി.

മിമിക്രി വേദികളില്‍ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയില്‍ സ്ഥാനം കണ്ടെത്തി. അക്ഷരം എന്ന ചിത്രത്തില്‍ തുടങ്ങി സല്ലാപത്തിലെ വേഷത്തിലൂടെ ശ്രദ്ധേയനായി.വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്റെ ജീവിതവും. ഇല്ലായ്മകളില്‍ തളരാതെ മുന്നേറിയ കലാകാരന്‍. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരന്‍.

Top