കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് 5 ദിവസം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് 5 ദിവസം. മരുന്ന് വിതരണക്കാരുടെ കമ്പനിക്ക് കുടിശ്ശികയായ 75 കോടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മരുന്ന് വിതരണം നിര്‍ത്തി വെച്ചത്. ഇതോടെ രൂക്ഷമായ മരുന്ന് ക്ഷാമത്തില്‍ നൂറ് കണക്കിന് രോഗികളാണ് വലയുന്നത്.

മരുന്നിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ക്ഷാമം കാരണം യൂറോളജി, നെഫ്രോളജി, ഓര്‍ത്തോ വിഭാഗങ്ങളില്‍ വിവിധ ശസ്ത്രക്രിയകള്‍ മുടങ്ങി. ഏകദേശം 75 ഓളം വിതരണക്കാരാണ് മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം നടത്തുന്നത്. 2023 ഡിസംബര്‍ വരെയുള്ള കുടിശ്ശിക മാര്‍ച്ച് 31 നകം ലഭിക്കുമെന്ന ഉറപ്പു ലഭിച്ചാലേ മരുന്ന് വിതരണം പുനസ്ഥാപിക്കൂ എന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്കും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും വിതരണക്കാര്‍ കത്തയച്ചിട്ടുണ്ട്.

മലബാറിലെ ഏറ്റവും സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ഇക്കഴിഞ്ഞ പത്താം തീയതി മുതലാണ് വിതരണക്കാര്‍ മരുന്ന് വിതരണം നിര്‍ത്തിയത്. 75 കോടി രൂപ കുടിശ്ശികയായിട്ടും ഒന്നും കൊടുത്ത് തീര്‍ക്കാതെ വന്നതോടെയായിരുന്നു നടപടി. ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങി എല്ലാ തരം മരുന്നുകളും പുറത്ത് നിന്ന് വലിയ തുക കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളും കിട്ടാതായതോടെ ദിവസവും നടക്കേണ്ട നൂറു കണക്കിന് ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള വലിയ തുകയുടെ മരുന്നും ലഭ്യമല്ല.

Top