സമസ്തയോട് ലീഗ് ‘സമസ്താപരാധം’ പറഞ്ഞിട്ടും കാര്യമില്ല, ഭിന്നത അതിരൂക്ഷം

മുസ്ലീം ലീഗിന്റെ എക്കാലത്തെയും അടിയുറച്ച വോട്ട്ബാങ്കായ സമസ്ത ഇ.കെ സുന്നി വിഭാഗം ലീഗിന് വിരുദ്ധമായ സ്വതന്ത്ര നിലപാടുമായി രംഗത്തെത്തിയതോടെ പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ആത്മീയ നേതൃസ്ഥാനവും നഷ്ടമാകുന്നു. ഏറ്റവും വലിയ മുസ്ലീം സമുദായ സംഘടനയായ സമസ്ത 1980ല്‍ പിളര്‍ന്നതിനു ശേഷം മൂസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് കുടുംബാംഗത്തെ ആത്മീയ നേതാവായി കണ്ട് ലീഗിന്റെ നയനിലപാടുകള്‍ക്കൊപ്പം ഉറച്ചുനിന്ന സമസ്തയാണ് ഇപ്പോള്‍ ലീഗിനെ പിണക്കുന്ന സ്വതന്ത്ര നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് യുദ്ധപ്രഖ്യാപനം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് സമരത്തിനല്ല മറിച്ച് ചര്‍ച്ചക്കാണ് സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തയ്യാറായിരുന്നത്.

സുന്നി സംഘടനകള്‍ മുന്‍പ് പിളര്‍ന്നതിനു പിന്നിലും മുസ്ലീം ലീഗിന്റെ ഇടപെടലാണ് ഉണ്ടായിരുന്നത്. സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ സമ്മേളനം എറണാകുളത്ത് നടത്താന്‍ തീരുമാനമായപ്പോള്‍ സമ്മളനം നടത്തരുതെന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഈ നിലപാടിനൊപ്പം ഇ.കെ അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള വിഭാഗം നിലകൊണ്ടപ്പോള്‍
ലീഗിന്റെ നിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള യുവജന വിഭാഗം പിളര്‍ന്ന് മാറുകയാണുണ്ടായത്. അന്നുമുതല്‍ ഇ.കെ സുന്നി വിഭാഗം മുസ്ലിം ലീഗിന്റെ നയനിലപാടുകള്‍ക്കൊപ്പം അടിയുറച്ച് നിന്നപ്പോള്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എ.പി സുന്നിവിഭാഗം ലീഗ് വിരുദ്ധനിലപാടുമായാണ് മുന്നോട്ടു പോയിരുന്നത്.

സി.പി.എം അനുകൂല നിലപാടു സ്വീകരിക്കുന്ന കാന്തപുരം സുന്നി വിഭാഗത്തെ അരിവാള്‍ സുന്നികളെന്നാണ് ഇ.കെ സമസ്തവിഭാഗം വിശേഷിപ്പിക്കാറുള്ളത്. അതേസമയം കോണ്‍ഗ്രസില്‍ ലീഗ് വിരുദ്ധ നിലപാടുള്ള ആര്യാടന്‍ മുഹമ്മദിനെയും കാന്തപുരം സുന്നിവിഭാഗം ശക്തമായി പിന്തുണച്ചിട്ടുണ്ട്. പതിനായിരത്തിലധികം മദ്രസകള്‍ നടത്തുന്ന സമസ്ത വിഭാഗം അടുത്ത കാലം വരെ ആത്മീയ നേതൃസ്ഥാനം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത് ലീഗ് സംസ്ഥാന അധ്യക്ഷനാകുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തിനാണ്. അതിലാണിപ്പോള്‍ മാറ്റം വന്നു കൊണ്ടിരിക്കുന്നത്. ലീഗ് അധ്യക്ഷന്റെ വാക്കുകള്‍ക്ക് ഇതുവരെ സമസ്തക്ക് മറുവാക്കില്ലായിരുന്നു. ഈ കീഴ്‌വഴക്കവും ചരിത്രവുമാണ് ഇപ്പോള്‍ സമസ്ത നേതൃത്വം തിരുത്തിക്കുറിക്കുന്നത്.

മുസ്ലിംലീഗ് അധ്യക്ഷനായ പാണക്കാട് ഹൈദരലി തങ്ങള്‍ അസുഖബാധിതനാവുകയും ലീഗിന്റെ നിയന്ത്രണം സഹോദരനായ സാദിഖലി ശിഹാബ് തങ്ങളുടെ കൈകളിലെത്തുകയും ചെയ്തതോടെയാണ് ലീഗും സമസ്തയും തമ്മിലുള്ള ഇടച്ചില്‍ രൂക്ഷമായിരിക്കുന്നത്. മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രിക നിലവിലുള്ളപ്പോള്‍ തന്നെ സമസ്ത നേതൃത്വം ‘സുപ്രഭാതം’ എന്ന സ്വന്തം പത്രമിറക്കിയാണ് സ്വതന്ത്രനിലപാടിന് തുടക്കമിട്ടിരുന്നത്. ”അപകടം മണത്ത് ” സുപ്രഭാതം പത്രം വരുന്നതിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയെങ്കിലും സമസ്തയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പിന്‍മാറുകയാണുണ്ടായത്. മതകാര്യങ്ങളില്‍ മുസ്ലിം ലീഗ് അധ്യക്ഷനായ പാണക്കാട് തങ്ങന്‍മാരുടെ അഭിപ്രായം തേടാതെ സ്വതന്ത്ര നിലപാടുമായി സമസ്ത രംഗത്തിറങ്ങുന്നതോടെ ഇനി കൂടുതല്‍ പ്രതിരോധത്തിലാകുവാന്‍ പോകുന്നത് ലീഗ് നേതൃത്വമാണ്.

കോണിക്ക് വോട്ടു ചെയ്താലേ ‘സ്വര്‍ഗത്തില്‍’ പോകാന്‍ പറ്റൂ എന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്ന പഴയതലമുറയില്‍ നിന്നും ‘പാണക്കാട് തങ്ങന്‍മാര്‍ ലീഗിന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞാല്‍ മതിയെന്നും മതകാര്യങ്ങള്‍ സമസ്ത പറയുമെന്നുമുള്ള’ നിലപാടിലേക്ക് ഇതിനകം തന്നെ സമസ്ത നേതൃത്വം മാറിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനൊപ്പം ആത്മീയ നേതൃത്വവും തങ്ങള്‍ കുടുംബം കൈകാര്യം ചെയ്യുന്നതാണ് നിലവില്‍ ലീഗിന്റെ കരുത്ത്. ആ കരുത്താണ് ഇപ്പോള്‍ ചോര്‍ന്ന് കൊണ്ടിരിക്കുന്നത്.

പാണക്കാട് തങ്ങള്‍ മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവല്ലെന്ന് ആദ്യ വെടിപൊട്ടിച്ചത് കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദായിരുന്നു. പാണക്കാട് തങ്ങള്‍ രാഷ്ട്രീയ നേതാവായതിനാല്‍ വിമര്‍ശന വിധേയനാണെന്നതായിരുന്നു ആര്യാടന്റെ നിലപാട്. ഇന്നും ആ നിലപാടില്‍ തന്നെയാണ് ആര്യാടന്‍ ഉറച്ചു നില്‍ക്കുന്നത്. ആര്യാടനെതിരെ ലീഗ് കലിതുള്ളിയപ്പോള്‍ ആര്യാടന് ശക്തമായ പിന്തുണയുമായി നിന്നിരുന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരായിരുന്നു. ഇപ്പോള്‍ സമസ്ത തന്നെ പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ആത്മീയ നേതൃത്വത്തിനെതിരെ സ്വതന്ത്ര നിലപാടുയര്‍ത്തുന്നത് ലീഗിന്റെ അസ്ഥിത്വത്ത തന്നെയാണ് തകര്‍ക്കുന്നത്.

‘ലീഗില്‍ നിന്നും പോകുന്നത് ദീനില്‍ നിന്നു പോകലാണെന്ന” കടുത്ത വര്‍ഗീയ നിലപാടിലേക്ക് കെ.എം ഷാജി അടക്കമുള്ളവര്‍ രംഗത്തെത്തിയതും ഇതു തിരിച്ചറിഞ്ഞു തന്നെയാണ്. സമസ്തയുടെ നിലപാട് ലീഗിന്റെ അടിവേരു തകരക്കുമെന്നു മനസ്സിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും കരുക്കള്‍ നീക്കിയിരിക്കുന്നത്. ലീഗിനെ അവഗണിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ച നിലപാടാണ്. കാന്തപുരം എം.പി അബൂബക്കര്‍ മുസ്ല്യാരെ ഒപ്പം നിര്‍ത്തുകയും അതോടൊപ്പം തന്നെ സമസ്തയെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന തന്ത്രമാണ്, പിണറായി പയറ്റിയിരിക്കുന്നത്. ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയ നിലപാടാണിത്.

മതവര്‍ഗീയ നിലപാടിന്റെ പേരില്‍ പലപ്പോഴും ആരോപണത്തിന്റെ നിഴലിലായ ജമാഅത്തെ ഇസ്ലാമി പോലുള്ളവരുടെ പിന്തുണയും ഇപ്പോള്‍ ലീഗിന് വലിയ ‘പാര’യായാണ് മാറിയിരിക്കുന്നത്. മുസ്ലീം സമുദായത്തില്‍ ഭൂരിപക്ഷമായ സുന്നി വിഭാഗങ്ങള്‍ ഒപ്പം നിന്നില്ലെങ്കില്‍ അത് മുസ്ലിം ലീഗിന്റെ വോട്ടുബാങ്കില്‍ കനത്ത വിള്ളലാണ് വീഴ്ത്തുക. എസ്.ഡി.പി.ഐ അടക്കമുള്ള തീവ്രനിലപാടുള്ള സംഘടനകള്‍, ലീഗിന്റെ അണികളില്‍ വലിയൊരുവിഭാഗത്തെ, ഇപ്പോള്‍ തന്നെ അടര്‍ത്തിയെടുത്ത് തുടങ്ങിയിട്ടുമുണ്ട്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍, പൊന്നാനിയില്‍ കടുത്ത വെല്ലുവിളി നേരിടാന്‍ പോകുന്നതും ലീഗ് തന്നെയാണ്.സമസ്തയുടെ പിന്തുണ നഷ്ടമായാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ‘പൊന്നാനി’ ലീഗിന് അഗ്‌നിപരീക്ഷണമാവുക തന്നെ ചെയ്യും.

ജനകീയ സമരമോ പ്രക്ഷോഭങ്ങളോ നടത്തി പാരമ്പര്യമില്ലാത്ത ലീഗിന് ഭരണത്തിന്റെ തണലില്ലെങ്കില്‍ വളരാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാലാണ് ആ പാര്‍ട്ടി വഖഫ് ബോര്‍ഡ് നിയമനം അടക്കമുള്ളവയില്‍ മുറുകെ പിടിച്ച് മതവികാരം ഉയര്‍ത്തി സമരം ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷം പി.വി അന്‍വറിനെ പരീക്ഷിച്ചിട്ടും രണ്ടുലക്ഷത്തോളം വോട്ടിന് വിജയിച്ച ഇ.ടി മുഹമ്മദ് ബഷീറിന് ഇത്തവണ കടുത്ത മത്സരമായിരിക്കും പൊന്നാനിയില്‍ നേരിടേണ്ടി വരിക. കെ.ടി ജലീലോ മന്ത്രി വി. അബ്ദുറഹിമാനോ എതിരാളിയായാല്‍ ലീഗിന് ശരിക്കും വിയര്‍ക്കേണ്ടിവരും.

2014ല്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25,410 വോട്ടായി പിടിച്ചുകെട്ടിയിരുന്നത് വി. അബ്ദുറഹിമാനാണ്. കഴിഞ്ഞ തവണ പി.വി അന്‍വറിനെ പരീക്ഷിച്ചപ്പോഴാണ് ഇടതുപക്ഷത്തിന് അടിതെറ്റിയിരുന്നത്. എന്നാല്‍ ഇത്തവണ ആ പിഴവ് തിരുത്തി അബ്ദുറഹിമാനോ ജലീലോ എത്തിയാല്‍ പൊന്നാനി ലീഗിന്റെ വാട്ടര്‍ലൂവായി മാറും. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പതിനായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഈ മണ്ഡലത്തിലുള്ളത്. കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ നിഷ്പ്രയാസം മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് നിലവില്‍ ഇടതുപക്ഷത്തിനുള്ളത്. സമസ്ത ഈ സ്വതന്ത്രനിലപാട് തുടര്‍ന്നാല്‍ പൊന്നാപുരം കോട്ടയായി ലീഗ് പതിറ്റാണ്ടുകളോളം സ്വന്തമാക്കി നിര്‍ത്തിയ പല നിയമസഭാ മണ്ഡലങ്ങളും കടപുഴകി വീഴുവാനുള്ള സാധ്യതയും, വളരെ കൂടുതലാണ്.

അതേസമയം ഇപ്പോള്‍ പതിവിന് വിരുദ്ധമായി മുസ്ലിം ലീഗില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്തിനെതിരെ എതിര്‍ശബ്ദവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സാദിഖലി തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടി അച്ചുതണ്ട് മുസ്ലീംലീഗിനെ നിയന്ത്രിക്കുന്നതില്‍ ഇ.ടി മുഹമ്മദ്ബഷീര്‍, പി.വി അബ്ദുല്‍വഹാബ് അടക്കമുള്ളവര്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാകട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തീരുമാനങ്ങള്‍ എല്ലാം സാദിഖലി തങ്ങള്‍ക്കാണ് നിലവില്‍ വിട്ടുകൊണ്ടിരിക്കുന്നത്.

പാണക്കാട് തങ്ങന്‍മാരുടെ എല്ലാവരുടെയും അഭിപ്രായം ചോദിച്ചുള്ള സൗമ്യമായ ഇടപെടല്‍ മാത്രമല്ല ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനും പകരം കര്‍ക്കശമായ നിലപാടുമാണ് സാദിഖലി തങ്ങള്‍ പിന്തുടരുന്നത്. സമസ്തയുടെ ഇടച്ചിലിന് ഈ നിലപാടുകളും ഒരു പരിധിവരെ കാരണമാണ്. സാദിഖലി തിരുത്തിയില്ലെങ്കില്‍ മുസ്ലിംലീഗിനെ സമസ്ത തന്നെ ‘തുരത്തുമെന്ന’ അവസ്ഥയാണിപ്പോള്‍ നിലവിലുള്ളത്.

EXPRESS KERALA VIEW

Top