കോൺഗ്രസ്സ് ഹൈക്കമാന്റ് കുരുക്കിൽ, കേന്ദ്ര റെയ്ഡിൽ പകച്ച് നേതാക്കൾ . . .

ദായനികുതി വകുപ്പിനെ ആയുധമാക്കി കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ച് ബി.ജെ.പി. രാഷ്ട്രീയത്തിനപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കിയും അറസ്റ്റ് ചെയ്തും എ.ഐ.സി.സിയുടെ സാമ്പത്തിക സ്രോതസാണ് ബി.ജെ.പി തരിപ്പണമാക്കുന്നത്.

കര്‍ണ്ണാടക, കേരളം, തെലങ്കാനയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എന്‍ഫോര്‍സ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ എല്ലാ അര്‍ത്ഥത്തിലും താങ്ങി നിര്‍ത്തിയത് കര്‍ണാടകയിലെ ഭരണമായിരുന്നു. ഡി.കെ ശിവകുമാര്‍ എന്ന നേതാവായിരുന്നു കോണ്‍ഗ്രസ് ഹൈകമാന്റിന്റേയും പ്രധാന കൈത്താങ്ങ്.

2002ല്‍ കോണ്‍ഗ്രസ് ഭരണക്കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണ പ്രശ്‌നപരിഹാരത്തിന് വിട്ടു നല്‍കിയത് നഗരവികസനമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറിനെയായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ബി.ജെ.പിയും ശിവസേനയും റാഞ്ചാതെ കോണ്‍ഗ്രസ് അനുകൂല എം.എല്‍.എമ്മാരെ ബാംഗ്ലൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് അവിശ്വാസ പ്രമേയദിവസം എം.എല്‍.എമാര്‍ക്കൊപ്പം കാറോടിച്ച് മുംബൈയിലെത്തിച്ചതും ഡി.കെ നേരിട്ടായിരുന്നു.

വിലാസ്‌റാവു ദേശ്മുഖിന്റെ മന്ത്രിസഭ നിലനിര്‍ത്തിയ ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. 251 കോടി ആസ്തിയുള്ള ബിസിനസുകാരനായ ഡി.കെ അന്നു മുതല്‍ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്ഥനായ ക്രൈസിസ് മാനേജറാണ്. സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്പട്ടേലിനെ ഗുജറാത്തില്‍ നിന്നും രാജ്യസഭാംഗമാക്കാതിരിക്കാനുള്ള മോഡിയുടെയും അമിത്ഷായുടെയും തന്ത്രങ്ങള്‍ പൊളിച്ചതും ഡി.കെയുടെ മറു തന്ത്രങ്ങളായിരുന്നു.

ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയാണ് അവരെ ചാക്കിട്ടുപിടിക്കാനുള്ള മോദി, അമിത്ഷാ തന്ത്രം ഡി.കെ പൊളിച്ചിരുന്നത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ചതോടെ ഡി.കെ ശിവകുമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പ്രിയങ്കരനായി മാറി. ഈ സംഭവമാണ് ഡികെയെ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാക്കിയിരുന്നത്.

ഖനിലോബികള്‍ ശക്തമായ കര്‍ണാടക എക്കാലത്തും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സ്രോതസുകളാണ്. ഖനി രാജാക്കളായ ബെല്ലാരി ബ്രദേഴ്‌സ് കര്‍ണാടകയിലെ ബി.ജെ.പിയുടെ സാമ്പത്തിക ശക്തിയായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ പണം നല്‍കി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെവരെ താങ്ങി നിര്‍ത്തിയത് ബെല്ലാരി സഹോദരന്‍മാരായിരുന്നു.

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ താഴെയിറക്കി സിദ്ദാരാമയ്യയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയത് പോലും കര്‍ണാടകയായിരുന്നു. പിന്നീട് ബി.ജെ.പി വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസ് ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയത് ഈ സാമ്പത്തിക സ്രോതസ് തകരരുതെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചും ഭരണം അട്ടിമറിച്ചും യെദ്യൂരപ്പ വീണ്ടും കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായതോടെയാണ് ആദായനികുതിവകുപ്പിനെ ഉപയോഗിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വമിപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വേട്ട ആരംഭിച്ചിരിക്കുന്നത്.

അറുപത് തവണയോളം റെയ്ഡ് നടത്തി വേട്ടയാടിയ മുന്‍ കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാറിനെ തന്നെയാണ് ആദായനികുതി കേസില്‍ ആദ്യം അകത്താക്കിയത്. ശിവകുമാറിന്റെ മകളെപ്പോലും കേസില്‍കുടുക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മന്ത്രി ജി. പരമേശ്വരയ്യയുടെയും ആര്‍.എല്‍ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇവര്‍ റെയ്ഡുകള്‍ നടത്തിയിരിക്കുകയാണ്.

എ ഐ സി സി കാഷ്യറായ മാത്യൂസ് വര്‍ഗീസിന്റെ കൊച്ചിയിലെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി കഴിഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് ചോറ്റാനിക്കരയില്‍ റെയ്ഡിനായി എത്തിയിരുന്നത്.

എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഈ പരിശോധന.വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചിരുന്നത്. റെയ്ഡ് ശനിയാഴ്ച്ചയും തുടരുകയാണുണ്ടായത്.

എ ഐ സി സിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത് മാത്യൂസാണ്. അമ്പതുവര്‍ഷത്തിലധികമായി ഡല്‍ഹിയിലാണ് മാത്യൂസിന്റെ താമസം. അഞ്ചുലക്ഷത്തിലധികം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. മാത്യൂസ് നാട്ടിലെത്തിയ സമയത്ത് തന്നെയായിരുന്നു റെയ്ഡും സംഭവിച്ചിരിക്കുന്നത്.

ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും ഇപ്പോള്‍ നടന്നിരിക്കുന്നത് . എ ഐ സി സി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനി. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നത്. ഈ റെയ്ഡുകളിലെല്ലാം ഞെട്ടിക്കുന്ന പണമിടപാടുകളാണ് കണ്ടെത്തിയരിക്കുന്നതെന്നാണ് ആദായനികുതി വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആദായ നികുതി വകുപ്പ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് നേതൃത്വം ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് ഹൈക്കമാന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നിയമപ്രകാരമുള്ള നടപടിമാത്രമാണിതെന്നാണ് ബി.ജെ.പി ഈ ആരോപണത്തിന് നല്‍കുന്ന മറുപടി.

ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നികുതിവെട്ടിച്ച് നേടിയ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എന്തിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് വേവലാതിയെന്നാണ് ബി.ജെ.പി നേതൃത്വം ചോദിക്കുന്നത്.

കര്‍ണാടകയില്‍ നിന്നും എ.ഐ.സി.സിക്ക് ലഭിച്ച കോടികളുടെ ഫണ്ടിന്റെ ഉറവിടം കണ്ടെത്താനാണ് പ്രധാനമായും കേന്ദ്ര ഏജന്‍സികളിപ്പോള്‍ ശ്രമിക്കുന്നത്. ഈ റെയ്ഡുകളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും കുരുങ്ങുമെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

Political Reporter

Top