ബംഗാളിലെ കൊവിഡ് മരണങ്ങള്‍; അമിത് മാളവ്യക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളിലെ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാരോപിച്ച ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ആരോഗ്യവകുപ്പിനെയും വിമര്‍ശിക്കുകയും ചെയ്ത മാളവ്യ ഹെല്‍ത്ത് ബുള്ളറ്റിനില്‍ കൊവിഡ് മരണങ്ങളില്‍ മിസ്സിംഗുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മമത രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഐടി സെല്‍ ബംഗാളിനെ അപമാനിക്കാനായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും കൊവിഡിനെതിരെ നല്ല രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് ഞങ്ങളാരും യാതൊരു വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും മമതാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പടക്കം പൊട്ടിച്ചും പാത്രം കൊട്ടിയും അവര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവാമെന്നും മമത പറഞ്ഞു.

Top