isuzu vehicle discount tax

ന്ധ്രപ്രദേശില്‍ നിര്‍മ്മിക്കുന്ന ഇസൂസു വാഹനങ്ങള്‍ക്ക് നികുതിയില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നവംബര്‍ 18നും 2021 മാര്‍ച്ച് 31നുമിടയ്ക്ക് വില്‍ക്കുന്ന ഇസൂസു വാഹനങ്ങള്‍ക്കാണു മോട്ടോര്‍ വാഹന നികുതിയില്‍ ഇളവ് ലഭിക്കുക. ചിറ്റൂര്‍ ജില്ലയിലെ ശ്രീ സിറ്റിയില്‍ ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ചു വില്‍ക്കുന്ന വാഹനങ്ങള്‍ക്കാണു മോട്ടോര്‍ വാഹന നികുതിയില്‍ ഇളവു ലഭിക്കുകയെന്ന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. യാത്രാവാഹനങ്ങള്‍ക്കുള്ള ആയുഷ്‌കാല നികുതിയും(വിലയുടെ 14% നികുതി) വാണിജ്യ പിക് അപ് ട്രക്കുകള്‍ക്കുള്ള ത്രൈമാസ നികുതി(മൂന്നു മാസത്തേക്ക് 800 രൂപ)യുമാണു സര്‍ക്കാര്‍ ഇസൂസുവിന് ഒഴിവാക്കി നല്‍കിയത്.

ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളാണ് ജപ്പാനില്‍ നിന്നുള്ള ഇസൂസു മോട്ടോഴ്‌സ്. പ്രതിവര്‍ഷം 50,000 യൂണിറ്റാണു ശാലയുടെ ഉല്‍പ്പാദനശേഷി; ഭാവിയില്‍ വാര്‍ഷിക ഉല്‍പ്പാദനം 1.20 ലക്ഷം യൂണിറ്റ് വരെയായി ഉയര്‍ത്താന്‍ കഴിയുംവിധമാണു ശാലയുടെ രൂപകല്‍പ്പന. ‘ഡി മാക്‌സ്’ ശ്രേണിയിലെ പിക് അപ് ട്രക്കുകളാണു കമ്പനി ശ്രീസിറ്റി ശാലയില്‍ നിര്‍മിക്കുന്നത്. രാജ്യത്തെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമായ ‘വി ക്രോസ്’, വാണിജ്യ വാഹന മോഡലുകളായ ‘ഡി മാക്‌സ് എസ് കാബ്’ തുടങ്ങിയവയാണു കമ്പനി ഇവിടെ നിര്‍മിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ ആന്ധ്രയില്‍ വില്‍ക്കുന്ന ഇസൂസു ‘ഡി മാക്‌സ്’ ശ്രേണിക്കാണു മോട്ടോര്‍ വാഹന നികുതിയില്‍ ഇളവ് ലഭിക്കുക. ‘ഡി മാക്‌സ് വി ക്രോസി’നും ഭാവിയില്‍ നിരത്തിലെത്തുന്ന യാത്രാവാഹന വകഭേദങ്ങള്‍ക്കുമാണ് ആയുഷ്‌കാല നികുതിയില്‍ ഇളവ് ലഭിക്കുക. ഇസൂസുവില്‍ നിന്നുള്ള വാണിജ്യ വാഹനങ്ങളെയെല്ലാം ത്രൈമാസ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ മൂന്നു ഡീലര്‍ഷിപ്പുകളാണു നിലവില്‍ ഇസൂസുവിനുള്ളത്: വിശാഖപട്ടണം, രാജമുന്ദ്രി, തിരുപ്പതി.

Top