ജിഎസ്ടി, ഇന്ത്യന്‍ മോഡലുകള്‍ക്ക് വില കുത്തനെ കുറച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസൂസു

ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി അടിസ്ഥാനത്തില്‍ രാജ്യത്ത് പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ മോഡലുകള്‍ക്ക് വില കുത്തനെ കുറച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസൂസു.

പുതിയതായി അവതരിപ്പിച്ച MUX എസ്.യു.വിയുടെ വില ഒന്നര ലക്ഷം രൂപയാണ് കുറച്ചത്. ഇതോടെ ഇസൂസു 4X2 പതിപ്പിന് 22.4 ലക്ഷവും 4X4 പതിപ്പിന് 24.4 ലക്ഷം രൂപയുമാകും ഡല്‍ഹി എക്സ് ഷോറൂം വില. വാണിജ്യ വാഹനമായ D-Max V-cross മോഡലിന് 60000 രൂപ വരെയും കുറച്ചിട്ടുണ്ട്.

ജിഎസ്ടി പ്രകാരം കുറഞ്ഞ വിലയില്‍ കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നേരത്തെ മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്യു, ഔഡി ഫോര്‍ഡ്, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എന്നീ കമ്പനികളും വിവിധ മോഡലുകളുടെ വില കുറച്ചിരുന്നു.

പരോക്ഷ നികുതി ഉള്‍പ്പെടെ എസ്.യു.വികള്‍ക്ക് നേരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി പ്രകാരം 43 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ കാറുകള്‍ ഒഴികെയുള്ള മിക്ക മോഡലുകള്‍ക്ക് ജിഎസ്ടി വരുന്നതോടെ വില വന്‍ തോതില്‍ കുറയും.

Top