ഐഎസ്സില്‍ ചേര്‍ന്ന അഞ്ചു പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു

റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന അഞ്ചു പേരെ സൗദി കോടതി വധശിക്ഷയ്ക്കു വിധിച്ചു. സൗദി അറേബ്യയിലെ ഐസിസ് ബ്രാഞ്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അഞ്ചു പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. സൗദി അറേബ്യയിലെ ഐസിസ് തലവന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘത്തിലെ അഞ്ചു പേരാണ് ഇവര്‍. സൗദിയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനായി ദൗത്യ മേല്‍പ്പിക്കപ്പെട്ടവരായിരുന്നു ഇവരെന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു.

സൗദി സുരക്ഷാ സൈനികരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷ വിധിക്കപ്പെട്ട അഞ്ചു പേര്‍. 2016 ഏപ്രിലില്‍ റിയാദിന് പടിഞ്ഞാറുള്ള അല്‍ ഖുവയ്യയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടര്‍ ബ്രിഡേഡിയര്‍ ജനറല്‍ കിതാബ് അല്‍ ഉതൈബിയെ കൊലപ്പെടുത്തിയ കേസിലും ഈ അഞ്ചു പേര്‍ പ്രതികളാണ്. 2015 ആഗസ്തില്‍ അബഹയിലെ സുരക്ഷാ സൈനികര്‍ ഒരുമിച്ചു കൂടുന്ന പള്ളിക്കും 2015 ഒക്ടോബറില്‍ നജ്റാനിലെ അല്‍ മഷ്ഹദ് പള്ളിക്കും നേരെയുണ്ടായ ആക്രമണങ്ങളിലും ഈ ഐസിസ് സെല്ലിന് പങ്കുണ്ടായിരുന്നതായും കോടതി കണ്ടെത്തി.

Top