നിയമസഭാകക്ഷി നേതാവിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പടലപ്പിണക്കം

കോട്ടയം: നിയമസഭാകക്ഷി നേതാവിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തറി. പിജെ ജോസഫിന് നിയമസഭാകക്ഷി നേതാവിന്റെ സ്ഥാനം നല്‍കാനാവില്ലെന്ന് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കി. നിയമസഭാ സ്പീക്കര്‍ക്കാണ് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കിയത്. ചെയർമാനെ തെരഞ്ഞെടുത്തതിന് ശേഷമേ പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കൂവെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

നേരത്തെ മോന്‍സ് ജോസഫ് നല്‍കിയ കത്തിന് വിരുദ്ധമായാണ് റോഷി അഗസ്റ്റിന്റെ കത്ത്. നിയമസഭയിലെ കെ.എം മാണിയുടെ സീറ്റ് പി.ജെ. ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലാണ് കത്ത് നല്‍കിയത്.

സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിനുള്ളതാണെന്നും ജില്ലാ പ്രസിഡന്റുമാര്‍ പറഞ്ഞിരുന്നു.

Top