യുപിയിലെ സഹരന്‍പുരില്‍ വീണ്ടും സംഘര്‍ഷം : ദളിത് യുവാവ് കൊല്ലപ്പെട്ടു

dead

ന്യൂഡല്‍ഹി: യുപിയിലെ സഹരന്‍പുരില്‍ വീണ്ടും സംഘര്‍ഷം. താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു.

ഷാബിര്‍പുരില്‍ ബിഎസ്പി നേതാവ് മായാവതിയുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദളിതരെ താക്കൂര്‍ വിഭാഗം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികളും ലാത്തികളും കത്തികളും ഉപയോഗിച്ച് താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആക്രമണത്തിന് നേതൃത്വംനല്‍കുന്ന താക്കൂര്‍ വിഭാഗക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിനും പൊലീസിനുമെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് എസ് സി ദുബെ, കലക്ടര്‍ എന്‍ പി സിങ് എന്നിവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ മാസം അഞ്ചിന് രജപുത്രരാജാവ് മഹാറാണപ്രതാപിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഉച്ചഭാഷിണിയിലൂടെ പാട്ടുകള്‍ കേള്‍പ്പിച്ചതിനെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തില്‍ താക്കൂര്‍ വിഭാഗക്കാരന്‍ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് ഷാബിര്‍പുരില്‍ ബിഎസ്പി നേതാവ് മായാവതി പങ്കെടുക്കുന്ന ചടങ്ങിന് മുന്നോടിയായി താക്കൂര്‍ വിഭാഗക്കാരുടെ 12 വീടുകള്‍ അജ്ഞാതസംഘം തീവച്ച് നശിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്. ബിഎസ്പി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപത്തിനാലുകാരന്‍ കൊല്ലപ്പെട്ടു. 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു.

ഷാബിര്‍പുരില്‍ ആക്രമണത്തിന് ഇരയായ ദളിതരുടെ വീടുകളില്‍ മായാവതി നടത്തിയ സന്ദര്‍ശനമാണ് വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിഎസ്പിയെയോ സമാജ്വാദി പാര്‍ടിയെയോ പോലെ വര്‍ഗീയരാഷ്ട്രീയമല്ല ബിജെപിയുടെ അജന്‍ഡയെന്നും വികസനരാഷ്ട്രീയമാണ് ലക്ഷ്യമെന്നും യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൌര്യ പ്രതികരിച്ചു. സാമുദായികമൈത്രി ഇല്ലാതാക്കാനുള്ള നീക്കമാണ് ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ദിവസംമുതല്‍ നടക്കുന്നതെന്ന് മായാവതി ചൂണ്ടിക്കാട്ടി.

സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ക്രമസമാധാനനില സംരക്ഷിക്കാനും ആഭ്യന്തര സെക്രട്ടറി മണിപ്രസാദ് ശര്‍മയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിനോട് മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദേശിച്ചു. സഹരന്‍പുരിലെ ജനതാറോഡില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Top