കുഞ്ഞിനെ അവകാശപ്പെട്ടതു തന്നെ, പക്ഷേ, ചെയ്തു കൂട്ടിയതും തെറ്റാണ് . . .

ടുവില്‍ അനുപമക്ക് അവളുടെ കുഞ്ഞിനെ ലഭിക്കാന്‍ പോവുകയാണ്. തീര്‍ച്ചയായും സന്തോഷകരമായ കാര്യം തന്നെയാണത്. അനുപമയുടേത് എന്നല്ല ആരുടേതായാലും കുഞ്ഞ് പ്രസവിച്ച അമ്മയോടൊപ്പം തന്നെയാണ് കഴിയേണ്ടത്. ആര്‍ക്കും തന്നെ അക്കാര്യത്തില്‍ സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ പെറ്റമ്മയേക്കാള്‍ പോറ്റമ്മയുടെ കൂടെ കുട്ടി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും ഇത്തരം ഒരു പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു കാരണം അനുപമയുടെയും അജിത്തിന്റെയും പ്രവര്‍ത്തികള്‍ തന്നെയാണ്.

അനുപമയുടെ അവകാശം അംഗീകരിക്കുമ്പോള്‍ തന്നെ ആന്ധ്രയിലെ അദ്ധ്യാപക ദമ്പതിമാരുടെ മനസ്സിലെ വേദനയും നാം ഒരിക്കലും കാണാതെ പോകരുത്. കുട്ടിയെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ അനുപമക്കുണ്ടായതായി പറയുന്ന വേദന പോലെ തന്നെയുള്ള ഒരു അവസ്ഥയാണ് കുട്ടിയെ കേരളത്തിലെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറിയപ്പോള്‍ ആ അദ്ധ്യാപക ദമ്പതിമാര്‍ക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ദത്തെടുത്ത കുഞ്ഞായിട്ടല്ല സ്വന്തം കുഞ്ഞായിട്ടു തന്നെയാണ് ഈ കുഞ്ഞിനെ അവര്‍ വളര്‍ത്തുന്നത്. ഇക്കാര്യം കുഞ്ഞിനെ ആന്ധ്രയില്‍ കണ്ടെത്തിയ മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍ അനൂപ് ദാസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അദ്ധ്യാപക ദമ്പതികള്‍ ദത്തെടുക്കാന്‍ ശ്രമമാരംഭിച്ചിട്ട് നാലു വര്‍ഷമായിരുന്നു. ദത്തെടുക്കല്‍ കേരളത്തില്‍ നിന്നാവണമെന്നത് അവരെ സംബന്ധിച്ച് വലിയ ആഗ്രഹമായിരുന്നു. ഈ മണ്ണിനെയും ഇവിടുത്തെ ജനങ്ങളെയും അവര്‍ അത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു. അക്കാര്യവും മാധ്യമ പ്രവര്‍ത്തകരോട് അദ്ധ്യാപക ദമ്പതികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചതും പിന്നീട് രണ്ടുതവണ ഗര്‍ഭം അലസിയതിന്റെ വേദനയും ഈ അദ്ധ്യാപക ദമ്പതിമാരുടെ ജീവിതത്തിലുണ്ടാക്കിയിരുന്നത് വലിയ വേദനയാണ്. ഇനിയും ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നത്.

‘കുഞ്ഞിനെ ഞങ്ങള്‍ നന്നായി നോക്കും. ധാരാളിത്തത്തോടെ വളര്‍ത്തുമെന്നല്ല ആവശ്യമുള്ളതെല്ലാം നല്‍കി വളര്‍ത്തും. നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പറ്റുക. അത് ഉറപ്പായും ചെയ്യുക തന്നെ ചെയ്യുമെന്നാണ് ‘ഇവര്‍, കുഞ്ഞിനെ കാണാനെത്തിയ മാധ്യമ സംഘത്തോട് പറഞ്ഞിരുന്നത്. കുഞ്ഞിന് അഞ്ചു വയസ്സാകുമ്പോള്‍ വിജയവാഡയിലേക്കു മാറാനായിരുന്നു ആ കുടുംബത്തിന്റെ പ്ലാന്‍. കുഞ്ഞിന്റെ പഠനമെല്ലാം അവിടെ നടത്തുവാനും അവര്‍ കൃത്യമായി തന്നെ പ്ലാന്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞുതീരുമ്പോഴേക്കും ആ പിതാവ് വിതുമ്പിയ കാര്യവും അനുപ് ദാസ് മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്രില്ലിട്ട വരാന്തയില്‍ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനെ മാധ്യമ പ്രവര്‍ത്തകര്‍ കാണുമ്പോള്‍ തൊട്ടടുത്ത് ആ അധ്യാപിക നില്‍ക്കുന്നുണ്ടായിരുന്നു. അല്പംനീണ്ട വരാന്തയില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍ …. ചുവരരികില്‍ നീട്ടിക്കെട്ടിയ അയലില്‍ നിറയെ തൂങ്ങിക്കിടക്കുന്ന നിരവധി കുഞ്ഞുടുപ്പുകള്‍… ഇതെല്ലാം കരുതലിന്റെ അടയാളങ്ങളായിരുന്നു.

അദ്ധ്യാപക ദമ്പതികള്‍ കുഞ്ഞിനെക്കുറിച്ച് വാതോരാതെ സംസാരിച്ചപ്പോള്‍ അതു കേട്ടിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ മനസ്സു പോലും ഒരു നിമിഷം പിടച്ചു പോയതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈ കുട്ടിയെ നാളെ അദ്ധ്യാപക ദമ്പതിമാര്‍ക്ക് തിരികെ നല്‍കേണ്ടി വരുമെന്നത് മാധ്യമ പ്രവര്‍ത്തകരും തിരിച്ചറിഞ്ഞിരുന്നു. എങ്കിലും നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം അപ്പോഴും ആ ദമ്പതികള്‍ക്കുണ്ടായിരുന്നു. അവരത് മാധ്യമ പ്രവര്‍ത്തകരെ യാത്രയാക്കുമ്പോള്‍ പ്രകടിപ്പിച്ച കാര്യവും അനൂപ് ദാസ് തുറന്നു പറഞ്ഞിട്ടുണ്ട്.

ആ കുഞ്ഞാണിപ്പോള്‍ തനിക്കു വേണ്ടി നടക്കുന്ന വിവാദങ്ങള്‍ ഒന്നും അറിയാതെ ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ഡി.എന്‍.എ റിസള്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ അധികം താമസിയാതെ തന്നെ അനുപമക്ക് ലഭിക്കാനാണ് സാധ്യത. പോരാടി നേടിയ വിജയമായി ഇതിനെ അനുപമക്ക് ചിത്രീകരിക്കാമെങ്കിലും യാഥാര്‍ത്ഥ്യം അതിനും എത്രയോ അകലെയാണ്. കാരണം, സ്വന്തം മാതാപിതാക്കള തെറ്റുകാരായി ചിത്രീകരിക്കുന്ന അനുപമയുടെ ഭാഗത്തും വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രസവിച്ച കുഞ്ഞിനു വേണ്ടി അനുപമ രംഗത്തിറങ്ങിയതു തന്നെ വളരെ വൈകിയാണ്. അതാകട്ടെ കുഞ്ഞിന്റെ പിതാവ് അജിത്ത് വിവാഹമോചനം നേടിയ ശേഷവും ആണ്.

ഈ രാജ്യത്ത് ആര്‍ക്കും ആരെയും സ്‌നേഹിക്കാം വിവാഹവും കഴിക്കാം അതിനു പ്രായപൂര്‍ത്തി ആയാല്‍ മാത്രം മതിയാകും. ഈ സ്വാതന്ത്ര്യമാണ് അനുപമയും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ ഭര്‍ത്താവില്‍ അനുപമ ഗര്‍ഭം ധരിച്ചതും സ്വന്തം ഭാര്യയെ ചതിച്ച് അനുപമക്ക് അജിത്ത് കുഞ്ഞിനെ നല്‍കിയതും നിയമത്തിന്റെ മുന്നില്‍ തെറ്റാണെങ്കിലും അല്ലെങ്കിലും സമൂഹത്തിന്റെ മുന്നില്‍ തെറ്റു തന്നെയാണ്. കേരളത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്ന പ്രവര്‍ത്തിയല്ല അത് എന്നതും ഓര്‍ക്കണം. അതു കൊണ്ടു മാത്രമാണ് അജിത്തിനും അനുപമക്കും ഇത്രയേറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരിക്കുന്നത്.

സ്വന്തം മാതാപിതാക്കള്‍ അഴിയണ്ണണമെന്ന അനുപമയുടെ ആഗ്രഹവും നല്ലതല്ല. തെറ്റ് അനുപമയുടെ മാതാപിതാക്കള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. എന്നാല്‍ അവര്‍ക്ക് ശിക്ഷ ഉറപ്പു വരുത്താന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. അനുപമയുടെ ഭാവി ഓര്‍ത്തു മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന കുടുംബത്തിന്റെ നിലപാട് തള്ളിക്കളയാന്‍ കഴിയുകയില്ല. കാരണം അച്ഛനും മകളുമായല്ല സുഹൃത്തുക്കളെ പോലെയാണ് അനുപമയും ജയചന്ദ്രനും കഴിഞ്ഞിരുന്നത്. മറ്റൊരു മകളുടെ വിവാഹം നടക്കാനിരിക്കെ വിവാഹം കഴിക്കാത്ത അനുപമയുടെ ചെയ്തികള്‍ ആ പിതാവില്‍ ഉണ്ടാക്കിയ ഷോക്ക് എത്ര മാത്രമാണ് എന്നത് മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും അത് അനുഭവിക്കണമെന്നില്ല. സാമാന്യ ബോധം മാത്രം മതിയാകും.

കുഞ്ഞിനെ അനുപമക്ക് തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുമ്പോഴും ഒരിക്കലും ജയചന്ദ്രന്റെ കുടുംബത്തെ തള്ളിപ്പറയാന്‍ നല്ലൊരു വിഭാഗവും തയ്യാറാകാത്തതും അതുകൊണ്ടാണ്. അനുപമയുടെ മാതാപിതാക്കള്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എങ്കിലും ആ മാതാപിതാക്കളുടെ ഉദ്ദേശത്തെ ഒരിക്കലും തെറ്റായി വിലയിരുത്താന്‍ കഴിയുകയില്ല. അതു പോലെ തന്നെ കുഞ്ഞിനെ വിട്ടു നല്‍കേണ്ടി വരുന്ന അദ്ധ്യാപക ദമ്പതിമാരുടെ അവസ്ഥയും അതിദയനീയമാണ്. സ്വന്തമെന്ന് കരുതിയത് സ്വന്തമാകില്ലന്നത് വൈകിയെങ്കിലും അവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുന്ന അനുപമയുടെ സന്തോഷത്തിനു പിന്നിലെ ഈ കണ്ണീരിന്റെ കഥയും മലയാളിയുടെ മനസ്സിനെ വേദനിപ്പിക്കുന്നത് തന്നെയാണ് ….

EXPRESS KERALA VIEW

Top