ഗഗന്‍യാന്‍ പദ്ധതിയിലെ പങ്കാളിത്തത്തിന് ഇസ്രോയുടെ പ്രത്യേക അഭിനന്ദനം കെല്‍ട്രോണിന്

തിരുവനന്തപുരം: കെല്‍ട്രോണിനെ വി.എസ്.എസ്.സിയുടെ അഭിനന്ദനം, സന്തോഷം പങ്കുവെച്ച് സംസ്ഥാന നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും, ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും മോഡ്യൂളുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയ 44 ഏവിയോണിക്സ്, ഇന്റര്‍ഫേസ് മോഡ്യൂളുകളാണ് ഗഗന്‍യാന്‍ പദ്ധതിയില്‍ ഉപയോഗിച്ചത്. മണ്‍വിളയിലെ കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്സും കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സുമാണ് അഭിമാന പദ്ധതിയില്‍ ഭാഗമായിട്ടുള്ളതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

മന്ത്രി പി രാജീവിന്റെ കുറിപ്പ്: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും, ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും മോഡ്യൂളുകള്‍ നിര്‍മ്മിച്ചുനല്‍കിയ കെല്‍ട്രോണിനെ അഭിനന്ദനമറിയിച്ച് വി.എസ്.എസ്.സി. കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയ 44 ഏവിയോണിക്സ്, ഇന്റര്‍ഫേസ് മോഡ്യൂളുകളാണ് ഗഗന്‍യാന്‍ പദ്ധതിയില്‍ ഉപയോഗിച്ചത്. തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്സും കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സുമാണ് ഈ അഭിമാന പദ്ധതിയില്‍ ഭാഗമായിട്ടുള്ളത്. ഇത് കൂടാതെ വിവിധ തരം ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ ടെസ്റ്റിംഗ് സപ്പോര്‍ട്ടും കെല്‍ട്രോണ്‍ നല്‍കിയിട്ടുണ്ട്.

സ്പേസ് ഇലക്ട്രോണിക്സ് മേഖലയില്‍ ഐഎസ്ആര്‍ഒയുടെ വിവിധ സെന്ററുകളായ വി എസ് എസ് സി, എല്‍ പി എസ് സി, ഐ ഐ എസ് യു, യു ആര്‍ എസ് സി ബാംഗ്ലൂര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വര്‍ഷമായി കെല്‍ട്രോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രോയുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ള അസംബ്ലിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ പ്രോസസ്സുകള്‍ കൃത്യമായി പരിപാലിച്ചാണ് കെല്‍ട്രോണ്‍ ഈ സുപ്രധാന മിഷനില്‍ ഭാഗമായിട്ടുള്ളത്.

ചാന്ദ്രയാന്‍ 3 മിഷനില്‍ 41 വിവിധ ഇലക്ട്രോണിക്സ് പാക്കേജുകളും ആദിത്യ L1 മിഷനില്‍ 38 ഇലക്ട്രോണിക്സ് പാക്കേജുകളും കെല്‍ട്രോണ്‍ നല്‍കിയിരുന്നു. ഐഎസ്ആര്‍ഒയുടെ സുപ്രധാന പദ്ധതികളില്‍ സഹകരിക്കുന്നതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതില്‍ കെല്‍ട്രോണും പങ്കുവഹിക്കുകയാണ്.

Top